HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കുട്ടികൾ പൂർണ സുരക്ഷിതർ; വീട്ടിൽ പോകുന്നതിൽ സന്തോഷം, നിർണായകമായത് മൊബൈൽ ലൊക്കേഷൻ വഴിയുള്ള അന്വേഷണം

കാണാതായ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെയും മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും പൊലീസും

മലപ്പുറം താനൂരിൽ നിന്ന് ബുധനാഴ്ച കാണാതായ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെയും മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും പൊലീസും. കുട്ടികൾ പൂര്‍ണ സുരക്ഷിതരാണ്. വീട്ടിലേക്ക് പോകുന്നതിൽ സന്തോഷമെന്ന് ഇരുവരും അറിയിച്ചു. ഇന്ന് തന്നെ വീട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊബൈല്‍ ലൊക്കേഷന്‍ വഴിയുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താന്‍ നിര്‍ണായകമായത്. രാത്രി ഒമ്പത് മണിയോടെ പുതിയ സിം കാര്‍ഡ് ഇട്ടത് വഴിത്തിരിവായി.


മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് കുട്ടികളെ കണ്ടെത്തിയത്. പുലര്‍ച്ചെ 1.45 ന് ലോനാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് ഇവരെ കണ്ടെത്തിയത്. ഇവർ മുബൈയിൽ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും കുട്ടികൾ അയാൾക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. ഇതിനിടെ ഉച്ചയോടെ ഇവർ ഒരു സലൂണിലെത്തി ഹെയർ ട്രീറ്റ്മെന്റ് ചെയ്തതായി വിവരം ലഭിച്ചു. അവിടെ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടികൾ അവിടെ എത്തിയതായി മലയാളിയായ സലൂൺ ഉടമയും  പിന്നീട് സ്ഥിരികരിച്ചു.


സുഹൃത്തിന്റെ വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയതാണെന്നാണ് ഇവർ സലൂണിൽ വെച്ച് പറഞ്ഞത് ഇവരെ കൊണ്ടുപോകാൻ സുഹൃത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും എത്തുന്നതിന് മുമ്പ് ഇവ‍ർ അവിടെ നിന്ന് കടന്നുകളഞ്ഞു. നാല് മണിയോടെ ഇവർ മുംബൈ സിഎസിടി റെയിൽവെ സ്റ്റേഷന് എത്തിയെന്നാണ് വിവരം. പിന്നീട് നാല് മണിക്കൂറോളം ഇവർ അവിടെ തന്നെ തുടർന്നു. രാത്രി ഒൻപത് മണിയോടെ തങ്ങളുടെ മൊബൈൽ ഫോണിൽ ഇവർ പുതിയ ഒരു സിം കാർഡ് ഇട്ടു. ഇതാണ് അന്വേഷത്തില്‍ നിർണായകമായത്.


കുട്ടികളുടെ മൊബൈൽ ലൊക്കേഷൻ നിരീക്ഷിക്കുകയായിരുന്ന കേരള പൊലീസിന് ഇവർ പുതിയ സിം ഫോണിൽ ഇട്ടപ്പോൾ തന്നെ ടവർ ലൊക്കേഷൻ ലഭിച്ചു. മുംബൈ സിഎസ്‍ടി റെയിൽവെ സ്റ്റേഷന് പരിസരത്ത് നിന്നാണ് ലൊക്കേഷൻ എന്ന് മനസിലാക്കിയ പൊലീസ് മുംബൈയിലെ മലയാളി അസോസിയേഷൻ പ്രവ‍ർത്തകരുടെ സഹായത്തോടെ അവിടെ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ 10.45ഓടെ ഇവർ സിഎസ്‍ടിയിൽ നിന്ന് പുറപ്പെട്ടു. ചെന്നൈ എഗ്മോർ എക്സ്പ്രസിൽ സിഎസ്ടിയിൽ നിന്ന് തന്നെയാണ് കയറിയതെന്നും സൂചനയുണ്ട്. 1.45ന് ട്രെയിൻ ലോണാവാലയിൽ എത്തിയപ്പോഴാണ് റെയിൽവെ പൊലീസ് പിടികൂടുന്നത്.


ബുധനാഴ്ച സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ സ്കൂളിൽ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയ്യതി ഇതുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ത ഒരാൾക്ക് മാത്രമേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA