GOODWILL HYPERMART

പൊളിപ്പിച്ചേ അടങ്ങൂ..! ഈ വാഹന ഉടമകള്‍ക്ക് വീണ്ടും ഇരുട്ടടി, പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍

20 വർഷത്തിലധികം പഴക്കമുള്ള നാലുചക്ര വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും ആർസി പുതുക്കുന്നതിനുള്ള ഫീസുകള്‍ കുത്തനെ വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ നീക്കം

പഴയ വാഹനങ്ങളുടെ നികുതി സംസ്ഥാന സർക്കാർ 50 ശതമാനം വർദ്ധിപ്പിച്ചത് അടുത്തിടെയാണ്. സംസ്ഥാന ബജറ്റിലെ ഈ നിർദ്ദേശം പഴയ വാഹന പ്രേമികള്‍ക്ക് ഇരുട്ടടിയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഈ വാഹന ഉടമകള്‍ക്ക് എട്ടിന്‍റെ പണിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാരും. 20 വർഷത്തിലധികം പഴക്കമുള്ള നാലുചക്ര വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും ആർസി പുതുക്കുന്നതിനുള്ള ഫീസുകള്‍ കുത്തനെ വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ നീക്കം. 20 വർഷത്തില്‍ കൂടുതല്‍ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതില്‍ കുത്തനെ വർദ്ധനവ് നിർദ്ദേശിക്കുന്ന കരട് വിജ്ഞാപനം റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു എന്നാണ് റിപ്പോർട്ടുകള്‍.


പഴകിയതും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിർത്തലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 20 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ പുതുക്കല്‍ ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുന്ന കരട് വിജ്ഞാപനം റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയത്. ബിഎസ്-II എമിഷൻ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്ബ് നിർമ്മിച്ച വാഹനങ്ങള്‍ സൂക്ഷിക്കുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 20 വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള മോട്ടോർസൈക്കിളുകളുടെയും കാറുകള്‍ ഉള്‍പ്പെടെയുള്ള നാലുചക്ര വാഹനങ്ങളുടെയും രജിസ്ട്രേഷൻ പുതുക്കുന്നതിന് യഥാക്രമം 2,000 രൂപയും 10,000 രൂപയും ഈടാക്കുമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.


15 വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാണിജ്യ ഇടത്തരം, ഹെവി വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌, പുതുക്കല്‍ ഫീസ് യഥാക്രമം 12,000 രൂപയും 18,000 രൂപയും ആക്കണമെന്ന് കരട് നിയമം നിർദ്ദേശിക്കുന്നു. 20 വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള അത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് യഥാക്രമം 24,000 രൂപയും 36,000 രൂപയും ഫീസ് ഈടാക്കാനും നിയമം നിർദ്ദേശിക്കുന്നു. രാജ്യത്തുടനീളമുള്ള വാഹന ഉടമകളെ നിർദ്ദിഷ്‍ട മാറ്റങ്ങള്‍ ബാധിക്കും.


2021 ഒക്ടോബറില്‍ റോഡ് ഗതാഗത മന്ത്രാലയം മോട്ടോർ സൈക്കിളുകള്‍, മുച്ചക്ര വാഹനങ്ങള്‍, കാറുകള്‍ എന്നിവയുടെ രജിസ്ട്രേഷൻ, പുതുക്കല്‍ ഫീസ് വർദ്ധിപ്പിച്ചിരുന്നു, എന്നാല്‍ ഇടത്തരം, ഹെവി പാസഞ്ചർ, ഗുഡ്സ് വാഹനങ്ങള്‍ എന്നിവ ഒഴിവാക്കിയിരുന്നു. 15 വർഷം പൂർത്തിയാക്കിയ സ്വകാര്യ വാഹനങ്ങളുടെ പുതുക്കല്‍ ഫീസ് തങ്ങള്‍ സ്പർശിച്ചിട്ടില്ല എന്ന് ഗതാഗത മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങള്‍ക്ക് പുതുക്കിയ ഫീസ് നിർദ്ദേശിച്ചിട്ടുണ്ടെന്നും 20 വർഷം മുമ്ബ് രജിസ്റ്റർ ചെയ്തവയുടെ പുതുക്കല്‍ ചാർജ് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതീക്ഷിച്ച ആയുസിനപ്പുറം പ്രചാരത്തില്‍ തുടരുന്ന വാഹനങ്ങളെയാണ് ഈ നിർദ്ദേശം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു. 


രജിസ്ട്രേഷൻ ഫീസിനു പുറമേ, സ്വകാര്യ, വാണിജ്യ വാഹനങ്ങള്‍ ഉള്‍പ്പെടെ 20 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനകള്‍ക്കുള്ള ഫീസ് ഇരട്ടിയാക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. പൊതുനിരത്തുകളില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തുടരുന്നതിന് നിർബന്ധിത ഫിറ്റ്നസ് പരിശോധനകളില്‍ വിജയിക്കാൻ ശ്രമിക്കുമ്ബോള്‍ പഴയ വാഹനങ്ങളുടെ ഉടമകള്‍ക്ക് വർദ്ധിച്ച ചെലവ് നേരിടേണ്ടിവരുമെന്നാണ് ഇതിനർത്ഥം.


കരട് വിജ്ഞാപനത്തെ ഓള്‍ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോണ്‍ഗ്രസ് (എഐഎംടിസി) ശക്തമായി എതിർത്തു. ഫിറ്റ്‌നസ് പരിശോധനാ ഫീസിലെ പെട്ടെന്നുള്ളതും അമിതവുമായ വർദ്ധനവാണിതെന്ന് എഐഎംടിസി പറഞ്ഞു. അതേസമയം പുതിയ ഫീസ് നടപ്പിലാക്കിയാല്‍, വാഹന ഉടമകളില്‍, പ്രത്യേകിച്ച്‌ ആധുനിക പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കാത്ത പഴയ വാഹനങ്ങള്‍ കൈവശം വച്ചിരിക്കുന്നവരില്‍, കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വൻ തുക മുടക്കി ഇത്തരം വാഹനങ്ങള്‍ കൊണ്ടുനടക്കുന്നതിനു പകരം പലരും വാഹനം പൊളിക്കാൻ നല്‍കും എന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.