GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസ്; യുവതിയുൾപ്പെടെ നാല് പേര്‍ അറസ്റ്റില്‍

കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍

മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍. പടിയൂര്‍ സ്വദേശി കോഴിപറമ്പില്‍ വീട്ടില്‍ അനന്തു (26)വിനെ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ട് പോയി വെടിമറയിലുള്ള ഒരു തട്ടുകടയുടെ പുറകില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികളായ കൂളിമുട്ടം ആല്‍ സ്വദേശി കാഞ്ഞിരത്ത് വീട്ടില്‍ ഷാജി (31), പാപ്പിനിവട്ടം മതില്‍മൂല സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ നിഷാന (24), എറണാകുളം പറവൂര്‍ താനിപാടം വെടിമറ സ്വദേശി കാഞ്ഞിരപറമ്പില്‍ വീട്ടില്‍ മുക്താര്‍ (32) പറവൂര്‍ എസ്സാര്‍ വീട്ടില്‍ മുഹമ്മദ് ഷമീം ഖുറൈഷി (33) എന്നിവരെയാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഡിസംബര്‍ 25 ന് രാവിലെ 10.30 ഓടെ ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊമ്പിടി എന്ന സ്ഥലത്ത് നിന്നാണ് അന്തുവിനെ തട്ടികൊണ്ടു പോയത്.


അനന്തുവും സുഹൃത്തുക്കളായ ആറു പേരും ചേര്‍ന്ന് 2024 ഡിസംബര്‍ 19ന് രാവിലെ 11ന് എറണാകുളം ജില്ലയിലെ തൈക്കുടത്തുള്ള സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ച് എറണാകുളം സ്വദേശികളുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ചും മറ്റും ഉപദ്രവിച്ച് കൈവശം ഉണ്ടായിരുന്ന 50 ലക്ഷം രൂപ കവര്‍ച്ച നടത്തിയിരുന്നു. ഈ സംഭവത്തില്‍ മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്ത അനന്തുവിനെ മരട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അനന്തുവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് വിവരം പുറത്തായത്.


അനന്തുവിനെ തട്ടിക്കൊണ്ടുപോകുന്നു

കവര്‍ച്ചയിലൂടെ ലഭിച്ച പണം അപഹരിക്കുന്നതിന് വേണ്ടി ഷാജിയും ഫാരിസും വെടിമറയിലുള്ള ക്വട്ടേഷന്‍ ടീമും കൂടി ചേര്‍ന്ന് നിഷാന എന്ന പെണ്‍കുട്ടിയെ ഉപയോഗിച്ച്  25ന് രാവിലെ 10.30ന് അനന്തുവിനെ ആളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊമ്പിടിയിലേക്ക് വിളിച്ച് വരുത്തി. അവിടെനിന്ന് അനന്തു സഞ്ചരിച്ചു വന്ന കാറടക്കം വെടിമറയിലേക്ക് തട്ടിക്കൊണ്ട് പോകുകയായിരുന്നു.


അവിടെയുള്ള തട്ടുകടയുടെ പുറകില്‍ വെച്ച് അനന്തുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കാലില്‍ മുറിവ് ഉണ്ടാക്കി മുറിവില്‍ ടിന്നര്‍ ഒഴിച്ചും, ഗ്യാസ് ട്യൂബ് കൊണ്ട് അടിച്ചും കഴുത്ത്  ഞെരിച്ച് ശ്വാസം മുട്ടിച്ചും മറ്റും അനന്തുവിനെ ഗുരുതര പരിക്കേല്‍പ്പിച്ച് അനന്തുവിന്റെയും സുഹൃത്തുക്കളുടെയും കൈയ്യിലുണ്ടായിരുന്ന 14,60,000 രൂപയും അഞ്ച് കാറുകളും കവര്‍ച്ച ചെയ്തുവെന്ന് അനന്തു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും അനന്തുവിനെ തട്ടിക്കൊണ്ട് പോയത് ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊമ്പിടിയില്‍ ആയതിനാല്‍ കേസ് ആളൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.


വിളിച്ചു വരുത്തിയത് നിഷാന

കോടതിയുടെ അനുമതിയോടെ മരട് കവര്‍ച്ചക്കേസില്‍ ജയിലില്‍ കഴിയുന്ന അനന്തുവിനെ കണ്ട് ചോദിച്ചതില്‍ മതിലകം പോഴങ്കാവ് എന്ന സ്ഥലത്ത് നിന്ന് ഇവര്‍ പാപ്പിനിവട്ടം സ്വദേശിയായ ഷിനാസ് എന്നയാളെയും തട്ടിക്കൊണ്ട് പോയതായും അനന്തുവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വെടിമറയില്‍ എത്തിച്ച് മര്‍ദിച്ചിരുന്നുവെന്നും പറഞ്ഞു. അനന്തുവിനെ കൊമ്പിടിയില്‍ നിന്നും വെടിമറയിലേക്ക് തട്ടിക്കൊണ്ട് പോയ ഷാജിയും മുക്താറുമാണ് ഇപ്പോള്‍ അറസ്റ്റിലായവരില്‍ രണ്ടു പേര്‍. ഷമിം ഖുറൈഷിയുടെ തട്ടുകടയിലേക്കാണ് അനന്തുവിനെ തട്ടിക്കൊണ്ട് പോയത്. അവിടെ വച്ച് മൃഗീയമായി ഉപദ്രവിച്ചവരില്‍ ഷമിം ഖുറൈഷിയും ഉണ്ടായിരുന്നു. നിഷാനയാണ് അനന്തുവിനെ കൊമ്പിടിയിലേക്ക് വിളിച്ച് വരുത്തിയത്.


ഈ കേസില്‍ തട്ടികൊണ്ടുപോയ പ്രധാന പ്രതിയായ കോതപറമ്പ് സ്വദേശിയായ വൈപ്പിന്‍പാടത്ത് വീട്ടില്‍ ഫാരിസ് (39) മതിലകം പൊലീസ് സ്റ്റേഷനിലെ മറ്റൊരു കേസില്‍ റിമാന്‍റിൽ ആണ്. ഷാജിയെയും നിഷാനയെയും മതിലകത്തു നിന്നാണ് പിടികൂടിയത്.  വെടിമറ സ്വദേശിയായ മുക്താര്‍ നിരവധി കേസുകളിലെ പ്രതിയാണ്. ഷാജിക്ക് 2025 ല്‍ മതിലകം സ്റ്റേഷനില്‍ പൊലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസും 2023 ല്‍ പീച്ചി പൊലീസ് സ്റ്റേഷനില്‍ തട്ടിപ്പ് കേസുണ്ട്. ആളൂര്‍ 2022 ല്‍ ആളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസും ആലുവ വെസ്റ്റ് പൊലിസ് സ്റ്റേഷനില്‍  ഒരു വധശ്രമ കേസും അടക്കം ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് മുക്താര്‍.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.