
ജമ്മു മേഖലയിലെ കത്വ ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർക്കെതിരായ തിരച്ചിൽ ഇന്നും തുടരുന്നു. ഭീകരർ ഉണ്ടെന്ന് കരുതപ്പെടുന്ന പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തിയതിനാൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് നളിൻ പ്രഭാതിന്റെ നേതൃത്വത്തിൽ കമാൻഡോകൾ, ഡ്രോണുകൾ, സ്നിഫർ ഡോഗുകൾ എന്നിവയെ കൂടുതൽ വിന്യസിച്ചുകൊണ്ട് ഓപ്പറേഷൻ കഴിഞ്ഞ ദിവസം ശക്തമാക്കിയിരുന്നു.
പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള സന്യാൽ ഗ്രാമത്തിനുള്ളിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. വിവരം ലഭിച്ചതിനെത്തുടർന്ന് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ ഒരു പൊലീസ് സംഘം തിരച്ചിൽ ആരംഭിച്ചു.
വനമേഖലയിലേക്ക് കടന്ന ഭീകരരെ സേന പിന്തുടരുകയാണ്. ഏറ്റുമുട്ടല്‍ തുടര്‍ന്നതിനിടെ കൂടൂതൽ സൈനികരെ മേഖലയിലേക്ക് വിന്യസിച്ചു.ഏറ്റുമുട്ടലിനിടെ ഏഴ് വയസുളള കുട്ടിക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരം എന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള വനമേഖലയിൽ പൊലീസും സൈന്യവും സിആർപിഎഫും സംയുക്തമായിട്ടാണ് തെരച്ചിൽ നടത്തിയത്. സംയുക്ത സുരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.