
വയറ് വേദന അസഹനീയമായപ്പോൾ വൃദ്ധാവനിലെ 32 -കാരനായ രാജാ ബാബു ചെയ്തത് യൂട്യൂബ് നോക്കി സ്വന്തം വയറ്റില്‍ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. കേൾക്കുമ്പോൾ ഇതെന്ത് കൂത്ത് എന്ന് തോന്നുന്നത് സ്വാഭാവികം. പക്ഷേ, ഉത്തർപ്രദേശിലെ സുൻരാഖ് ഗ്രാമവാസിയായ രാജാ ബാബു യൂട്യൂബ് ശസ്ത്രക്രിയയ്ക്ക് ശേഷം 11 തുന്നലുകളോടെ ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നിരവധി ആഴ്ചകളായി വയറ് വേദന കൊണ്ട് കഷ്ടപ്പെടുകയാണ് രാജാ ബാബു. നിരവധി തവണ ഡോക്ടറെ പോയി കണ്ടു. ആഴ്ചകളോളം മരുന്ന് കഴിച്ചു. പക്ഷേ, വേദനയ്ക്ക് മാത്രം ശമനമുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് രാജാ ബാബു സ്വയം ചികിത്സയ്ക്ക് തയ്യാറായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 18 വര്‍ഷം മുമ്പ് രാജാ ബാബുവിന് അപ്പെന്‍ഡിക്സിന്‍റെ ഒരു ശസ്ത്രക്രിയ ചെയ്തിരുന്നു.
രാജാ ബാബുവിന്‍റെ നിലവിളി കേട്ടെത്തിയ ബന്ധുക്കളാണ് അദ്ദേഹത്തെ ജില്ലാ ജോയിന്‍റെ ഹോസ്പിറ്റലില്‍ എത്തിച്ചു. അവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അദ്ദേഹത്തിന്‍റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ആഗ്ര എസ്എന്‍ ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ റഫർ ചെയ്തു. നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും രോഗനിര്‍ണ്ണയം നടത്താന്‍ കഴിയാതിരുന്നതും വേദന മാറാതിരുന്നതും അമ്മാവനെ ഏറെ തളര്‍ത്തിയിരുന്നതായി രാജാ ബാബുവിന്‍റെ മരുമകന്‍ പറഞ്ഞു.