HONESTY NEWS ADS

 HONESTY NEWS ADS


ബിജുവിനെ കൊല്ലാനുള്ള ക്വട്ടേഷൻ തുക നൽകിയത് ഗൂഗിൾ പേ വഴി; കൊലപാതകം ആസൂത്രിതമെന്ന് എസ്പി

ഇടുക്കി: തൊടുപുഴ കലയന്താനിയിലെ ബിജു ജോസഫിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് എസ്‌പി ടി കെ വിഷ്ണു പ്രദീപ്

ഇടുക്കി തൊടുപുഴ കലയന്താനിയിലെ ബിജു ജോസഫിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് എസ്‌പി ടി കെ വിഷ്ണു പ്രദീപ്. കൊല്ലപ്പെട്ട ബിജുവും ജോമോനും ബിസിനസ്സ് പങ്കാളികളായിരുന്നു. കലയന്താനിയിൽ ഇരുവരും ദൈവമാതാ കേറ്ററിംഗ് സർവീസ് എന്നപേരിൽ ഒരു സ്ഥാപനം നടത്തുകയായിരുന്നു. സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നേരത്തെയും ഇരുവർക്കുമിടയിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.


ബിജുവിനെ പ്രതി ജോമോൻ നേരത്തെയും കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു എന്നാൽ അതെല്ലാം പാളിപോകുകയായിരുന്നു. കൃത്യം നടന്ന ദിവസം ബിജുവിനെ തട്ടിക്കൊണ്ടുപോയി വാഹനത്തിൽവെച്ച് മർദിച്ചു. ഒന്നാം പ്രതിയായ ജോമോന്റെ നിർദേശപ്രകാരമായിരുന്നു ക്വട്ടേഷൻ സംഘം മർദിച്ചത്. കേസിൽ പിടിയിലായ പ്രതികൾ നേരത്തെയും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. കൊലപാതകം നടത്താനായുള്ള തുക ജോമോൻ ഇവർക്ക് ഗൂഗിൾ പേ വഴി അയച്ചുനല്കുകയായിരുന്നുവെന്നും അതിന്റെ തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ടെന്നും ഇടുക്കി എസ്പി വ്യക്തമാക്കി.


പ്രതികളിൽ ഒരാൾക്കെതിരെ നേരെത്തെ കാപ്പ കേസുണ്ട്. ജോമോനെ എറണാകുളത്ത് വെച്ചാണ് പിടികൂടിയത്. എറണാകുളത്തെ ഗുണ്ട കണ്ടെയ്നർ സാബുമായി പ്രതികൾക്കുള്ള ബന്ധം പരിശോധിക്കുകയാണ്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതി ജോമോനെ നാളെ കോടതിയിൽ ഹാജരാക്കും. ഇയാളുമായി കൊലനടന്ന സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.ജോമോൻ ഉൾപ്പെടെയുള്ള പ്രതികൾ കുറ്റം സമ്മതിച്ചു. കേസിലെ നാലാം പ്രതിയായ ആഷിക് കാപ്പാക്കേസിൽ എറണാകുളത്ത് റിമാൻഡിൽ ആണ്.


കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് വീടിനു പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാൻഹോളിനുള്ളിൽ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംഭവദിവസം എറണാകുളത്ത് നിന്ന് തൊടുപുഴയിലെത്തിയ കാപ്പ കേസ് പ്രതിയെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമായി. കച്ചവട പങ്കാളിയായ ജോമോനുമായി ഉണ്ടായിരുന്ന സാമ്പത്തിക തർക്കത്തെപ്പറ്റി ബിജുവിന്റെ ബന്ധുക്കളും പൊലീസിനോട് പറഞ്ഞു. തുടർന്ന് ജോമോൻ, മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കലയന്താനിയിലെ കേറ്ററിംഗ് ഗോഡൗണിനുള്ളിൽ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS