
തൊടുപുഴ എസ്‌ഐക്ക് എം ജി സര്‍വകലാശാല കലോത്സവ നഗരിയില്‍ വിലക്ക് കലോത്സവം നടക്കുന്ന പെരുമ്പള്ളിച്ചിറ അല്‍ അസ്ഹര്‍ ക്യാമ്പസിന്റെ ക്രമസമാധാന ചുമതലയില്‍നിന്ന് തൊടുപുഴ എസ്ഐ എന്‍.എസ്.റോയിയെ മാറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി സംഘാടകസമിതി രംഗത്ത് എത്തിയിരുന്നു, ഇതുസംബന്ധിച്ച് തൊടുപുഴ ഡിവൈഎസ്പിക്ക് സംഘാടക സമിതി കത്തുനല്‍കുകയും ചെയ്തു. കലോത്സവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം തൊടുപുഴ നഗരത്തില്‍ നടന്ന വിളംബരജാഥയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളോട് എസ്ഐ പരുഷമായി പെരുമാറിയെന്നും സംഘാടക സമിതിയംഗങ്ങളോടും ഉദ്യോഗസ്ഥന്‍ കയര്‍ത്തുവെന്നുമായിരുന്നു പരാതി. കരിമണ്ണൂര്‍ സിഐ വി.സി.വിഷ്ണുകുമാറിനാണ് നിലവില്‍ കലോത്സവ നഗരിയുടെ ചാര്‍ജ്.
അതേസമയം നിരവധി കേസുകളില്‍ പ്രതിയായ വിദ്യാര്‍ത്ഥി സംഘടനാ നേതാവിനെ കഴിഞ്ഞ ദിവസം എസ്.ഐ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ആ നടപടിയുടെ പേരിലാണ് എസ്‌ഐക്ക് എതിരെ പരാതി നല്‍കിയതെന്നാണ് ആക്ഷേപം. അറസ്റ്റ് ഒഴിവാക്കാനായി സ്വാധീനിക്കാന്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ ശ്രമിച്ചിരുന്നുവെങ്കിലും എസ്.ഐ വഴങ്ങിയിരുന്നില്ല കലോത്സവ വേദിയില്‍ എസ്.ഐ എത്തിയാല്‍ മര്‍ദ്ദിക്കുമെന്ന് നേതാക്കള്‍ വെല്ലുവിളി നടത്തിയിരുന്നു. എസ്.ഐയെ കലോത്സവ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ ഉള്‍പ്പെട്ട സംഘാടക സമിതി ഡിവൈ.എസ്.പി ക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തൊടുപുഴ എസ്.എച്ച്.ഒയുടെ ചാര്‍ജ്ജ് കൂടിയുള്ള എസ്.ഐയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ജില്ലാ പോലീസ് മേധാവി അറിയാതെയാണ് എസ്.ഐക്കെതിരായ അപ്രഖ്യാപിത വിലക്ക് എന്നും ആക്ഷേപമുണ്ട്.