
തലസ്ഥാനത്തിന്‍റെ വികസനക്കുതിപ്പിന് വേഗം പകരാനുള്ള വിഴിഞ്ഞം -നാവായിക്കുളം ഔട്ടർറിങ് റോഡിന്‍റെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ അടുത്ത മാസം മുതൽ ആരംഭിക്കും. പുതിയ സാമ്പത്തിക വർഷം മുതൽ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്‍റെ തീരുമാനം. റോഡ് നിർമാണവുമായി ബന്ധപ്പെട്ട പദ്ധതിരേഖകൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർദേശ പ്രകാരം ദേശീയപാത അതോറിറ്റിയാണ് തയാറാക്കിയത്. തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ നാവായികുളത്തു നിന്നും ആരംഭിച്ച് നഗരത്തിന് വലം വച്ചെത്തുന്ന 77 കിലോമീറ്റർ നീളമുള്ള ഈ റിങ് റോഡ് വിഴിഞ്ഞത്ത് വച്ച് ദേശീയപാതയിലേക്ക് വീണ്ടും ചേരും. ദേശീയപാത 866 എന്ന പേരിലാകും റോഡ് നിർമിക്കുകയെന്നാണ് നിലവിലെ തീരുമാനം.
നാവായിക്കുളം- തേക്കട വരെ ഒന്നാം ഘട്ടവും തേക്കട-വിഴിഞ്ഞം രണ്ടാം ഘട്ടവുമായാണ് നിർമാണം. തേക്കട മുതൽ മംഗലപുരം വരെ ഒരു ബൈപാസും പ്ലാനിലുണ്ട്. ഔട്ടർ റിങ് റോഡിന് വശത്തായി എൻഎച്ചിലേക്കുകൂടി കടന്നെത്താൻ കഴിയുന്ന തരത്തിൽ ഒരു വ്യവസായ കോറിഡോറാണ് സർക്കാർ പദ്ധതിയിടുന്നത്. വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് കൂടി പരിഗണിക്കുമ്പോൾ ലോജിസ്റ്റിക്സ്, ഐടി, എന്‍റർടൈൻമെന്‍റ് ഹബ് ആയി ഇത് വികസിക്കും. മംഗലപുരത്തിന് വടക്കായി 60 ഏക്കറിൽ "ലോജിസ്റ്റിക്സ് ഹബ്", ആണ്ടൂർകോണത്ത് 48 ഏക്കറിൽ "എക്കണോമിക് സോൺ", പന്തലകോടിൽ 80 ഏക്കറിൽ "കൊമേഴ്സ്യൽ സോൺ" എന്നിവയുമുണ്ടാകും. നാവായികുളത്ത് നിന്നും തുടങ്ങി -കിളിമാനൂർ -തേക്കട - വെമ്പായം-നെടുമങ്ങാട് -അരുവിക്കര - ചൊവ്വല്ലൂർ -വിളപ്പിൽശാല -മാറനല്ലൂർ -ഊരൂട്ടമ്പലം -മുടവൂർപാറ -ചാവടിനട -വെങ്ങാനൂർ -കല്ലുവെട്ടാംകുഴി വഴിയാണ് വിഴിഞ്ഞത്ത് റോഡ് അവസാനിക്കുന്നത്. ഇതോടൊപ്പം വട്ടപ്പാറ വേങ്കോട് നിന്നും പോത്തൻകോട് വഴി മംഗലപുരത്തേക്ക് ബൈപാസും പദ്ധതിയുടെ ഭാഗമായി ഒരുങ്ങും. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിനായി പൊളിച്ചുമാറ്റേണ്ട നിർമിതികളുടെ മൂല്യനിർണയം നടത്തിയപ്പോൾ ആകെ 3215 നിർമിതികളാണ് പൊളിക്കേണ്ടത്. ഇതിൽ വീടുകൾ, മതിലുകൾ, കിണറുകൾ, മറ്റ് നിർമാണങ്ങൾ എന്നിവയുണ്ട്. 1300 കെട്ടിടങ്ങൾ മാത്രം ഇതിലുണ്ടെന്നാണ് ഏകദേശ കണക്ക്.
നാവായിക്കുളം-തേക്കട റോഡിന് 1,478.31 കോടിയും തേക്കട-വിഴിഞ്ഞം പാതയ്ക്ക് 1,489.15 കോടിയുമാണ് ചെലവ്. ഇതോടൊപ്പം സർവീസ് റോഡും നിർമിക്കേണ്ടതുണ്ട്. 348.09 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.കഴിഞ്ഞവർഷം ഔട്ടർ റിങ് റോഡിനായി പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിച്ചെങ്കിലും സംസ്ഥാനവിഹിതം സംബന്ധിച്ച് കേന്ദ്രസർക്കാർ നിർബന്ധം പിടിച്ചതോടെയാണ് വൈകിയത്. പദ്ധതി നീണ്ടതോടെ ആദ്യഘട്ട വിജ്ഞാപനം റദ്ദായിരുന്നു. ഇതിന്‍റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ ഓഗസ്‌റ്റിൽ അംഗീകാരവും നൽകി. ആദ്യഘട്ടത്തിൽ 314 ഹെക്‌ടർ ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി പുതിയ വിജ്ഞാപനം കഴിഞ്ഞ മാസമാണ് പ്രസിദ്ധീകരിച്ചത്. വിജ്ഞാപനപ്രകാരം ഭൂമി വിട്ടുനൽകിയവരുടെ പണം ഈ മാസത്തോടെ കൊടുക്കാനാകുന്നതോടെ പദ്ധതിക്ക് തുടക്കമാകും.
നഷ്ടപരിഹാര വിതരണവും പരിസ്ഥിതി അനുമതിയും ഈ മാസം തീർപ്പാകുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. ഇതോടെ എപ്രിൽ മാസത്തിൽ നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കാം.പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്‍റെ 50 ശതമാനവും കിഫ്ബി മുഖേന സംസ്ഥാനമാണ് നൽകുക. ഇതിന് 1000 കോടിയോളമാണ് ചെലവ്. ഇതിന് പുറമേ സർവീസ് റോഡിന്‍റെ നിർമാണച്ചെലവും പൂർണമായും വഹിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. സർവീസ് റോഡിനുള്ള നിർമാണച്ചെലവായ 500 കോടിയോളം രൂപ അഞ്ച് വർഷം കൊണ്ട് നൽകണമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. കൂടാതെ നിർമാണ സാമഗ്രികളുടെ സംസ്ഥാന ജിഎസ്ടി ഒഴിവാക്കുന്നതിലൂടെ 210.63 കോടി രൂപയുടെയും മണ്ണും കല്ലും ഉൾപ്പെടെയുള്ളവയുടെ റോയൽറ്റി വഴിയുള്ള 10.87 കോടി രൂപയുടെ വരുമാനവും സംസ്ഥാനം ഉപേക്ഷിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് മണ്ഡലത്തിൽ ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും വരും. പദ്ധതിയനുസരിച്ച് നെടുമങ്ങാട്-പരിയാരം-തേക്കട-വെമ്പായം ജംഗ്‌ഷനുകളുടെ മുഖം മാറും. മധുര,തിരുനെൽവേലി അന്തർസംസ്ഥാന പാതകളുമായി ബന്ധിപ്പിച്ച് എക്കണോമിക് നോഡുകളും വരും. റിങ് റോഡ് കടന്നുപോകുന്ന നിശ്ചിത സ്ഥലങ്ങൾ ഐ.ടി സ്ഥാപനങ്ങളുടെയും വിദേശ വ്യവസായ സംരംഭങ്ങളുടെയും ഇടനാഴികളാകും.