
അടിമാലി, പീച്ചാട് ടൗണിന് സമീപമുള്ള ഒട്ടയ്ക്കല്‍ ഷാജഹാന്റെ മലഞ്ചരക്ക് കടയില്‍ മോഷണം നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. ഇടുക്കി എളംമ്പ്ലശ്ശേരി സ്വദേശി മുത്തു, ഇടുക്കി ഉപ്പുതറ സ്വദേശി വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയില്‍ ഇവര്‍ കടക്കുളളിൽ സൂക്ഷിച്ചിരുന്ന 150000/- രൂപാ വിലവരുന്ന 50 കിലോ ഉണക്ക ഏലക്കായും, 84000/- രൂപാ വിലവരുന്ന 300 കിലോ ഉണക്കകാപ്പിക്കുരുവും ഉള്‍പ്പെടെ 234000/- രൂപായുടെ മുതലുകളാണ് മോഷ്ടിച്ചത്.
സുഹൃത്തുക്കളായ ഇവര്‍ ഏലക്ക ഇരുമ്പുപാലത്തും കാപ്പിക്കുരു ആനച്ചാലിലുമായാണ് വില്‍പ്പന നടത്തിയിരുന്നത്. സാധനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച ജീപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുത്തുവിനെ മാമലക്കണ്ടത്ത് നിന്നും വിനീഷിനെ മൂന്നാറില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സബ്ബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ഖനി, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ ഉമ്മര്‍ പി.എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ് കുമാർ, നിഷാദ് വി.എ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.