
ഡല്‍ഹിയില്‍ നിന്നു വാങ്ങിയ ആംബുലന്‍സുമായി വരുന്നതിനിടെ കര്‍ണാടകയിലെ വിജയപുരയിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം മൂലവട്ടം സ്വദേശിയായ യുവാവിനു ദാരുണാന്ത്യം. മൂലവട്ടം കുറ്റിക്കാട് തടത്തില്‍ രതീഷ് കെ. പ്രസാദാ (43)ണു മരിച്ചത്. അപകടത്തില്‍ കര്‍ണാടക സ്വദേശിയായ ബി.എസ്.എഫ് ജവാന്‍ മൗനേഷ് റാത്തോഡും (35) മരിച്ചു. ഇന്നലെ രാവിലെ 11.30നു നിലഗുണ്ടി പുതിയ ബസ് സ്‌റ്റാന്‍ഡിനു സമീപമായിരുന്നു അപകടം. ഗുജറാത്തിലെ വഡോദരയില്‍ നിന്നു ബംഗളുരുവിലേക്കു വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിലാണ് മരണം.
ദേശീയപാത 50 മുറിച്ചു കടക്കുകയായിരുന്നു മൗനേഷ് സഞ്ചരിച്ച ബൈക്കിലാണു ലോറി ആദ്യം ഇടിച്ചത്. ബൈക്കില്‍ ഇടിച്ച ശേഷം വെട്ടിച്ചു മാറ്റിയ ലോറി നിയന്ത്രണം നഷ്‌ടമായി മറ്റു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ മൗനേഷ് സംഭവം സ്‌ഥലത്ത് തന്നെ മരിച്ചു. ബൈക്കില്‍ ഇടിച്ച ശേഷം മുന്നോട്ടു നീങ്ങിയ ലോറി ആദ്യം രതീഷ് സഞ്ചരിച്ച ഒമിനി ആംബുലന്‍സില്‍ ഇടിച്ചു. അതിനുശേഷം മറ്റൊരു ലോറിയില്‍ ഇടിച്ചാണ് നിന്നത്. രണ്ടു വാഹനങ്ങള്‍ക്കിടയില്‍ കുടുങ്ങിയ രതീഷിന് ഗുരുതര പരുക്കേറ്റു. പ്രാദേശിക പോലീസ് സംഘവും , എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും ചേര്‍ന്നു രതീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഡല്‍ഹിയില്‍ നിന്നും തന്റെ സുഹൃത്തിനു വേണ്ടി ആംബുലന്‍സ് വാങ്ങാനായി പോയതായിരുന്നു രതീഷ്. ഈ ആമ്പുലന്‍സുമായി കേരളത്തിലേക്ക് മടങ്ങി വരുന്നതിനിടയാണ് അപകടം ഉണ്ടായത്. മൃതദേഹം വിജയപുരയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവര്‍ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ഇന്ന് രാത്രി വീട്ടിലെത്തിക്കും. അവിവാഹിതനാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.