GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

അമേരിക്കക്കും ട്രംപിനും ചൈനയുടെ വമ്പൻ തിരിച്ചടി, ഒറ്റയടിക്ക് തീരുവ 84 ശതമാനമാക്കി; വ്യാപാര യുദ്ധം കനക്കുന്നു

ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്കയുടെ പകരത്തീരുവ നയം നടപ്പിലായതിന് പിന്നാലെ ചൈനയുടെ വമ്പൻ തിരിച്ചടി

എല്ലാ എതിർപ്പുകളും മുന്നറിയിപ്പുകളും കാറ്റിൽപ്പറത്തി കൊണ്ട് പ്രസ‍ിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്കയുടെ പകരത്തീരുവ നയം നടപ്പിലായതിന് പിന്നാലെ ചൈനയുടെ വമ്പൻ തിരിച്ചടി. അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള തീരുവ ഒറ്റയടിക്ക് 84 ശതമാനമാക്കി ഉയർത്തിയാണ് ചൈന തിരിച്ചടിച്ചത്. നാളെ മുതൽ ചൈനയിലേക്ക് പ്രവേശിക്കുന്ന യു എസ് ഉത്പന്നങ്ങളുടെ തീരുവ 34% ൽ നിന്ന് 84% ആയി ഉയരുമെന്ന് സ്റ്റേറ്റ് കൗൺസിലിന്റെ താരിഫ് കമ്മീഷൻ ഓഫീസ് പുറത്തിറക്കിയ പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ചൈനക്ക് മേൽ 104% താരിഫ് അമരിക്ക നടപ്പിലാക്കിയതോടെയാണ് തിരിച്ചടിക്കാൻ ചൈന തീരുമാനിച്ചത്. ഇതോടെ വ്യാപാര യുദ്ധം കനക്കുകയും ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങുകയും ചെയ്തേക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.


അമേരിക്കയുടെ പകരത്തീരുവ നയം ഇന്ന് രാവിലെ മുതലാണ് പ്രാബല്യത്തിലായത്. ചൈനയും ഇന്ത്യയും അടക്കം 86 രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് ഭീമൻ തീരുവകൾ ചുമത്തിയിരിക്കുന്നത്. അമേരിക്കയുടെ പുത്തൻ നയത്തിന്റെ എറ്റവും വലിയ ഇര ചൈനയാണ്. ചെറുത്തുനിൽപ്പിനുള്ള മറുപടിയായി അവസാന നിമിഷം കൂട്ടിച്ചേർത്ത 50 ശതമാനം നികുതി കൂടി ചേരുമ്പോൾ 104 ശതമാനം തീരുവയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ ട്രംപ് അടിച്ചേൽപ്പിച്ചിരിക്കുന്നത്. മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച ചൈന 84 ശതമാനം നികുതി അമേരിക്കക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ലോകത്തെ എറ്റവും വലിയ കയറ്റുമതി രാജ്യവും എറ്റവും വലിയ ഇറക്കുമതി രാജ്യവും തമ്മിലുള്ള വ്യാപാരയുദ്ധത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.


അതേസമയം 26 ശതമാനമാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേലുള്ള തീരുവ. മരുന്ന് കയറ്റുമതിക്ക് മേൽ നിലവിൽ തീരുവയില്ലെങ്കിലും അതുടനുണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആശ്വസിക്കാൻ വകയില്ല. ചൈനീസ് മാതൃകയിൽ പകരത്തിന് പകരം തീരുവ പ്രഖ്യാപനം ഇന്ത്യ നടത്തില്ല. പുതിയ വ്യാപാര ഉടമ്പടിക്കായുള്ള ച‍ർച്ചകൾ പുരോഗമിക്കുകയാണ്. കംബോഡിയ, തെക്കൻ കൊറിയ, തായ്വാൻ, ജപ്പാൻ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും തീരുവയുടെ ചൂടിൽ വാടിയിരിക്കുകയാണ്.


അനുനയ സാധ്യതകൾ പ്രതീക്ഷിച്ച് ഇന്നലെ അൽപ്പം മുന്നേറ്റ നടത്തിയ ഏഷ്യൻ യൂറോപ്യൻ ഓഹരി വിപണികൾ വീണ്ടും ഇടിയുകയാണ്. ഇന്ന് ഏഷ്യൻ വിപണികളെല്ലാം നഷ്ടം രേഖപ്പെടുത്തി. യൂറോപ്യൻ വിപണികളും താഴേക്ക് വീഴുകയാണ്. ആഗോള മാന്ദ്യ സൂചനകൾ ശക്തമാകുമ്പോഴും അമേരിക്ക വീണ്ടും സമ്പന്നമാകുമെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ട്രംപ്. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.