
കൽപറ്റ പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കിയ ആദിവാസി വിഭാഗത്തിൽപ്പെട്ട ഗോകുലിന് പ്രായപൂർത്തിയായില്ലെന്ന് രേഖകളില്‍ വ്യക്തം. നിയമവിരുദ്ധമായാണ് പ്രായപൂർത്തിയാകാത്ത ഗോകുലിനെ സ്റ്റേഷനിൽ എത്തിച്ചത്. ആധാർ കാർഡിൽ 2007 മെയ് 30 ആണ് ഗോകുകിന്‍ ജനനത്തീയതിയായി രേഖപ്പെടുത്തിയത്. ഗോകുലിന് 17 വയസും 10 മാസവുമാണ് പ്രായം. എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയത് ഗോകുലിന്റെ ജനനവർഷം മാത്രമാണ്. ജനനത്തീയതി തെളിയിക്കുന്ന രേഖകളെല്ലാം പൊലീസ് കസ്റ്റഡിയിലാണ്. 17 വയസുകാരനെ പ്രായപൂർത്തിയായതായി കാട്ടിയത് പോക്സോ കേസിൽ പ്രതിചേർക്കാനെന്നാണ് ഉയരുന്ന ആരോപണം.
കഴിഞ്ഞ ദിവസമാണ് ഗോകുൽ കൽപറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെയും 17കാരനെയും കാണാതായിരുന്നു. അന്വേഷണത്തിനിടെ മാർച്ച് 31-ന് വൈകിട്ടോടെ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഇവരെ കൽപറ്റയിലെത്തിച്ച ശേഷം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു. ഗോകുലിനെ പൊലീസ് സ്റ്റേഷനിൽ തന്നെ നിർത്തി. ഇതിനിടെ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പോയ ഗോകുലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് പൊലീസുകാർ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.