HONESTY NEWS ADS

 HONESTY NEWS ADS


ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിയിലെ കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്

ഇടുക്കി: ആര്‍ച്ച് ഡാമിന് സമീപം ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിയിലെ കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്

ഇടുക്കി ആര്‍ച്ച് ഡാമിനു സമീപത്തായി നിര്‍മ്മിക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉദ്യാനപദ്ധതിയോട് ചേര്‍ന്നുള്ള 5 ഏക്കറിലാണ് വില്ലേജ്  നിര്‍മിച്ചിരിക്കുന്നത്. പത്ത്  കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2019 ലാണ് അനുമതി നല്‍കിയത്. ഒന്നാം ഘട്ടമായി അനുവദിച്ച 3 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഹൈറേഞ്ചിലെ ജനതയുടെ കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും അതീജീവനത്തിന്റെയും നീണ്ട പോരാട്ടങ്ങളുടെ ചരിത്രത്തിന്റെ ചുരുക്കമായ അനാവരണമാണ് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്. 


ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇടുക്കിയുടെ മലമടക്കുകളിലേക്ക് ആരംഭിച്ച കര്‍ഷക കുടിയേറ്റത്തിന്റെയും കുടിയിറക്ക് നീക്കങ്ങളുടെയും തുടര്‍ന്നുള്ള ജീവിതത്തിന്റെയും സ്മരണകളുണര്‍ത്തുന്ന ശില്പങ്ങളും കൊത്തുപണികളുമടങ്ങിയ ഇടുക്കിയുടെ ഭൂതകാലമാണ് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്. കുടിയേറ്റ കര്‍ഷകന്റെ രൂപമാണ് സ്മാരക വില്ലേജിന്റെ പ്രവേശന കവാടം. ഇവിടെ നിന്നും കരിങ്കല്ല് പാകിയ നടപ്പാതയിലൂടെ മുകളിലേക്ക് നടന്നു കയറിയാല്‍ 6 ഇടങ്ങളിലായി വിവിധ ശില്പങ്ങളോടു കൂടിയ കാഴ്ചകള്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കോണ്‍ക്രീറ്റിലാണ് ജീവസ്സുറ്റ പ്രതിമകളും രൂപങ്ങളും നിര്‍മിച്ചിരിക്കുന്നത്. എകെജിയും ഫാദര്‍ വടക്കനും , ഗ്രാമങ്ങളും, കാര്‍ഷികവൃത്തിയും,  ഉരുള്‍പൊട്ടലിന്റെ ഭീകരതയുമൊക്കെ ഇവിടെയുണ്ട്. ഏറ്റവും മുകളിലായി സ്മാരക മ്യൂസിയവും അതോടൊപ്പം ഒരു കോഫി ഷോപ്പുമാണ് സജ്ജീകരിച്ചിരിക്കുന്നത്.


കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിലെ കാഴ്ചകള്‍ ഏഴു ഇടങ്ങളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്. ഹൈറേഞ്ചിലേക്കുളള കുടിയേറ്റത്തിന്റെ ചരിത്ര സ്മൃതികള്‍ നിറഞ്ഞു നില്‍ക്കുന്ന ഇവിടെ മുപ്പത്തി ആറരയടി ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന പ്രവേശനകവാടമാണ് ആദ്യ ആകര്‍ഷണം. പാളത്തൊപ്പിയണിഞ്ഞ കര്‍ഷകന്റെ രൂപത്തില്‍ നിര്‍മിച്ചിരിക്കുന്ന കവാടത്തില്‍ ശില്പത്തിന്റെ മധ്യഭാഗത്തിനുള്ളിലൂടെയാണ് അകത്തേക്കുള്ള പ്രവേശനം. അവിടുന്ന് കരിങ്കല്‍ പാതയിലൂടെ മുന്നോട്ട് നീങ്ങിയാല്‍  എ.കെ.ജി കര്‍ഷകരോട് സംവദിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.  കുടിയിറക്കിനെതിരായി നടന്ന ശക്തമായ സമരത്തില്‍ കര്‍ഷകര്‍ കണ്ണികളായി. ഇതിനു നേതൃത്വം നല്‍കിയ എകെജി അന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായിരുന്നു. അക്കാരണത്താല്‍ തന്നെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കുടിയിറക്ക് സമരങ്ങളെപ്പറ്റി ശ്രദ്ധിക്കാന്‍ ഇടയാവുകയും എകെജിയുടെ ചുരളി- കീരിത്തോട്ടിലെ നിരാഹാരം അവസാനിപ്പിക്കാന്‍ ഇടപെടുകയും ചെയ്തു. ഈ സംഭവം ഓര്‍മിപ്പിക്കുന്ന ഒരു ദൃശ്യാവിഷ്‌കാരം ഇവിടെ കാണാന്‍ സാധിക്കും. എകെജിയോടൊപ്പം ഫാദര്‍ വടക്കനും അവിടെ സത്യാഗ്രഹമിരുന്നിരുന്നു. അതിന്റെ സ്മരണകളുണര്‍ത്തുന്ന ദൃശ്യങ്ങളാണ് അടുത്ത കാഴ്ച. ഒരു ഗ്രാമത്തിലുള്ള ജനങ്ങളോട് സംസാരിക്കുന്ന ഫാദര്‍ വടക്കനെയും അത് നിന്നും ഇരുന്നും ശ്രവിക്കുന്ന ജനങ്ങളെയും ആ നിര്‍മാണത്തില്‍ കാണാനാകും.  ജീവസുറ്റതാണെന്ന് തോന്നും വിധത്തിലുള്ള മനുഷ്യപ്രതിമകളാണ് ഓരോ കാഴ്ച്ചയിലും. 


വന്യമൃഗങ്ങളുടെ ആക്രമണങ്ങളോട് പടപൊരുതി ജീവിതം തുടങ്ങിയ പിന്‍തലമുറക്കാരുടെ ഓര്‍മ്മകള്‍ വരച്ചു കാണിക്കുന്ന രൂപങ്ങളാണ് അടുത്ത ഇടത്തില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ചെണ്ട കൊട്ടിയും തീ പന്തം കാണിച്ചും കാട്ടാനകളെ  കൃഷിയിടങ്ങളില്‍ നിന്നും വാസസ്ഥലങ്ങളില്‍ നിന്നും ഓടിക്കുന്ന കാഴ്ചയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആ കാലഘട്ടത്തിലെ കൃഷിരീതികള്‍ വിവരിക്കുന്ന ദൃശ്യമാണ് അടുത്തയിടത്ത്. കപ്പയും നെല്ലുമാണ് ആദ്യം കൃഷി ചെയ്തത്. കലപ്പ ഉപയോഗിച്ച് നിലം ഒരുക്കുന്നതും  നെല്ല് വിതക്കുന്നതും  ഒക്കെ ഈ നിര്‍മാണത്തില്‍ കാണാനാകും. പ്രകൃതിദുരന്തങ്ങളാല്‍ കഷ്ടപ്പെട്ട ജനതയുടെ അനുഭവമാണ് അടുത്ത ദൃശ്യത്തില്‍. ഉരുള്‍ പൊട്ടിയതിന് ശേഷമുള്ള ഒരു ഗ്രാമത്തിന്റെ നേര്‍ചിത്രമാണ് ഇവിടെ വെളിവാകുന്നത്. ഉരുള്‍ പൊട്ടി മരിച്ചവരുടെ മൃതദേഹവുമായി ഇരിക്കുന്ന സ്ത്രീ, ഉരുണ്ടു പോയ കല്ലുകള്‍, രക്ഷപ്രവര്‍ത്തനം നടത്തുന്ന ജനങ്ങള്‍, തിരച്ചില്‍ നടത്തുന്നവര്‍, വീണു കിടക്കുന്ന മരങ്ങള്‍, തകര്‍ന്നു പോയ വീടുകള്‍, നായ്കളും പൂച്ചകളും തുടങ്ങി ദുരന്തമുഖത്തിന്റെ നേര്‍കാഴ്ച കാണാനാകും. എല്ലാ ദുരിതങ്ങളെയും ദുരന്തങ്ങളെയും അതിജീവിച്ചു ജനങ്ങള്‍ ഇവിടെ ജീവിതം ആരംഭിച്ചതിന്റെ  മാതൃകയാണ് അവസാനത്തെ സ്മാരകം. വീടുകള്‍, വ്യാപാരത്തിനായി കാളവണ്ടിയില്‍ പോകുന്നവര്‍, പശു തൊഴുത്ത്, കപ്പയുമായി പോകുന്ന കര്‍ഷകന്‍, ഉരല്‍ ഉപയോഗിക്കുന്ന സ്ത്രീ, കളിക്കുന്ന കുട്ടി തുടങ്ങിയ വിവിധതരം കാഴ്ചകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു മലഞ്ചെരുവില്‍ വിവിധ ഗ്രാമങ്ങളായി  ചിത്രീകരിച്ചു നിര്‍മാണം പൂര്‍ത്തിയായ ശില്പങ്ങള്‍ക്ക് മികച്ച ലൈറ്റ് സംവിധാനവും സജ്ജികരിച്ചിട്ടുണ്ട്. കൂടാതെ ഇരിപ്പിടങ്ങളും പാതയോരങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഉദ്യാനവും, കുട്ടികള്‍ക്കായി പാര്‍ക്കും ആരംഭിക്കും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS