
എറണാകുളത്ത് നിന്നും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്ന് പരസ്യമായി കത്തിച്ചയാള്‍ക്ക് 10000 രൂപ പിഴ ചുമത്തി ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്. അമയപ്ര സ്വദേശി കാരുകുന്നേല്‍ പൊന്നപ്പന്‍ സ്വന്തം പുരയിടത്തില്‍ കൂട്ടിയിട്ട് കത്തിച്ചത്. കൃഷി ഭൂമിയിലേക്ക് വളത്തിന് വേണ്ടി പച്ചക്കറി അവശിഷ്ടങ്ങള്‍ കൊണ്ടുവരുന്നു എന്ന പേരില്‍ എറണാകുളത്ത് നിന്നും വന്ന പിക്കപ്പ് വാനിലാണ് മാലിന്യം കൊണ്ടുവന്നത്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി ബിജുമോന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും കത്തിക്കുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ട് കേസ് എടുക്കുകയുമായിരുന്നു. മാലിന്യങ്ങളും പാഴ് വസ്തുക്കളും തെരുവില്‍ വലിച്ചെറിയാതെയും കത്തിക്കാതെയും ഗ്രാമപഞ്ചായത്തിന്റെ മാലിന്യ മുക്ത പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് എം യു സുജാത പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരായി ശിക്ഷാനടപടികള്‍ തുടരുമെന്നും നിയമലംഘനങ്ങള്‍ക്കെതിരെ തെളിവുകള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അവർ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

