
ഇടുക്കി കാൽവരിമൗണ്ടിന് സമീപം വെള്ളിയാങ്കല്ലിൽ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ. കാൽവരിമൗണ്ട് സ്വദേശി ചീരംകുന്നേൽ സ്കറിയ മാത്യുവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 19.5 ലിറ്റർ ചാരായവും, 35 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും പിടികൂടി. ഇയാളുടെ ഉടമസ്ഥതയിലുള്ള ഏലതോട്ടത്തിൽ ചാരായം വാറ്റുന്നതിനിടെയാണ് തങ്കമണി എക്സൈസ് സംഘം പിടികൂടിയത്.
വിഷു, ഈസ്റ്റർ ആഘോഷങ്ങൾ ലക്ഷ്യമിട്ട് ഇവിടെ വൻ തോതിൽ ചാരായം വാറ്റുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ന് ഉച്ചയോടെ തങ്കമണി എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ് എം പി യുടെ നേതൃത്വത്തിൽ എക്സൈസ് സംഘം സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. അസി. എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) സൈജുമോൻ ജേക്കബ്, പ്രിവന്റീവ് ഓഫീസർ ജയൻ. പി. ജോൺ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ജിൻസൺ സി എൻ, ജോഫിൻ ജോൺ, വനിത എക്സൈസ് ഓഫിസർ ഷീന തോമസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ, ആനന്ദ് വിജയൻ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.