
ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നടുങ്ങി രാജ്യം. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയുമുണ്ട്. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണമുണ്ടായത്. ലഷ്കറെ തൊയ്‌ബ അനുകൂല സംഘടനായ ദ റെസിസ്റ്റൻസ് ഫ്രണ്ട്-ടിആർഎഫ് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. മരണസംഖ്യ 29 ആയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്‌ച പുലർച്ചെ ഡൽഹിയിലെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവരുമായി വിമാനത്താവളത്തിൽ വെച്ച് മോദി അടിയന്തര യോഗം ചേർന്നു. ബുധനാഴ്‌ച രാവിലെയോടെ ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അമിത് ഷാ ആദരാജ്ഞലി അർപ്പിച്ചു. ജമ്മു കശ്‌മീരിലെ ഭീകരാക്രണത്തിന് പിന്നാലെ ഡൽഹി, മുംബൈ, ജയ്‌പുർ, അമൃത്സർ തുടങ്ങി വിവിധ നഗരങ്ങളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. എൻഐഎ സംഘം ഇന്ന് കശ്മീരിലെത്തും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.