
കശ്മീർ പഹൽഗാമിലെ ഭീകരക്രമണത്തിൻ്റെ തീവ്രത വിളിച്ചോതുന്ന ചിത്രമായിരുന്നു കൊല്ലപ്പെട്ട ഭർത്താവിൻ്റെ സമീപത്ത് നിരാലംബയായി ഇരിക്കുന്ന ഭാര്യയുടേത്. ഹരിയാണ സ്വദേശിയും കൊച്ചിയിൽ നാവിക സേന ഉദ്യോഗസ്ഥനുമായ ലഫ്റ്റനൻ്റ് വിനയ് നർവാളും ഭാര്യ ഹിമാൻഷിയുമാണ് ചിത്രത്തിലുള്ളത്. കാശ്‌മീർ ഭീകരാക്രമണത്തിലെ ഏറെ വേദനിപ്പിക്കുന്ന ചിത്രമായി സാമുഹിക മാധ്യമങ്ങളിൽ ഇത് നിറഞ്ഞു
ഇക്കഴിഞ്ഞ ഏപ്രിൽ 16-ന് ആയിരുന്നു വിനയ്‌നർവാളിൻ്റെയും ഹിമാൻഷിയുടെയും വിവാഹം. കഴിഞ്ഞ ദിവസമാണ് വിനയ് ഭാര്യക്കൊപ്പം കശ്മീരിലെത്തിയത്. മധുവിധു ആഘോഷങ്ങൾക്കിടയിൽ ഭാര്യ ഹിമാൻഷിയുടെ കൺമുന്നിൽ വച്ച് വിനയിനെ ഭീകരർ വധിക്കുകയായിരുന്നു.
രണ്ട് വർഷം മുമ്പാണ് വിനയ് നർവാൾ നാവിക സേനയിൽ ചേർന്നത്. ഏറെക്കാലമായി കൊച്ചിയിലായിരുന്നു ഡ്യൂട്ടി. ഏപ്രിൽ ആറിന് വിവാഹവും 19-ന് റിസപ്ഷൻ പരിപാടികളുമായിരുന്നു. വിവാഹത്തിനായി അവധിയെടുത്ത അദ്ദേഹം ഭാര്യയോടൊത്ത് കഴിഞ്ഞദിവസമാണ് മധുവിധു ആഘോഷങ്ങൾക്കായി കശ്‌മീരിലേക്ക് പുറപ്പെട്ടത്. നർവാളിൻ്റെ മരണം നാടിനും കുടുംബത്തിനും സഹപ്രവർത്തകർക്കും തീരാവേദനയായിരിക്കുകയാണ്
വേർപാടിന്റെ വേദന പലരും പങ്കുവെച്ചു. നാലുദിവസം മുൻപാണ് വിവാഹം കഴിഞ്ഞതെന്നു പറഞ്ഞ് ഒരു അയൽവാസി സങ്കടം പറയുന്നുണ്ടായിരുന്നു. 'ഞങ്ങളെല്ലാവരും സന്തോഷത്തിലായിരുന്നു. അദ്ദേഹം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടെന്നും നർവാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടെന്നും ഞങ്ങൾക്ക് വിവരം ലഭിച്ചു' -അയൽവാസി പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനുമുണ്ട്. തിങ്കളാഴ്ച രാമചന്ദ്രൻ കുടുംബസമേതം കശ്‌മീരിലേക്ക് പോയതാണെന്നാണ് വിവരം. വിദേശത്തായിരുന്ന മകൾ എത്തിയതിനെ തുടർന്നായിരുന്നു യാത്ര. ഭാര്യ ഷീല രാമചന്ദ്രനും മകൾ അമ്മുവും മറ്റു ബന്ധുക്കളുമടങ്ങിയ സംഘമാണ് കശ്മീരിലേക്ക് പോയത്. ഇദ്ദേഹത്തിന് ഒരു മകൻ കൂടിയുണ്ട്. മകൻ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ് മകൻ കശ്‌മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്
മൂന്ന് വിദേശികളും മൂന്ന് പ്രദേശവാസികളും ഉൾപ്പെടെ 28 പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ സംബന്ധിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. നിലവിൽ 16 പേരുടെ പട്ടികയാണ് കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടുള്ളത്. പാകിസ്‌താൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകര സംഘടനയുടെ നിഴൽ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.