GOODWILL HYPERMART

 

pope francis

കാട്ടാനയാക്രമണം: ആനയുടെ കൊമ്പ് നെഞ്ചിൽ കുത്തിക്കയറി, വാരിയെല്ല് തകർന്നു; അലന്റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഇന്നലെയാണ് മുണ്ടൂർ സ്വദേശി അലൻ കൊല്ലപ്പെട്ടത്. അലന്റെ നെഞ്ചിന് ​ഗുരുതര പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന കൊമ്പ് നെഞ്ചിനകത്ത് കുത്തി കയറിയിരുന്നു. വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ആന്തരിക രക്തസ്രാവം സംഭവിച്ചുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കാലിലും കൈയിലും നിസാര പരുക്കുകളാണുള്ളത്. 


അതിനിടെ യുവാവ് കൊല്ലപ്പെട്ടതിൽ ബന്ധുക്കളും നാട്ടുകാരും വൻ പ്രതിഷേധവുമായി രം​ഗത്തെത്തി. അലൻ്റെ അമ്മയുടെ ചികിത്സയ്ക്ക് പണം നൽകുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുംവരെ പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്നറിയിച്ച് മോർച്ചറിക്ക് മുന്നിലായിരുന്നു പ്രതിഷേധം. നഷ്ടപരിഹാരത്തുക അഞ്ചുലക്ഷവും ചികിത്സ ധനസഹായം ആദ്യ ഗഡു ഒരു ലക്ഷം  ഉടൻ കൈമാറാൻ തീരുമാനമായി. അതേസമയം വനം വകുപ്പിന്റെ ഭാഗത്ത്  വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നൽകി. 


കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. അമ്മയുടെ ചികിത്സ പൂർണമായും ഏറ്റെടുക്കണം, കാട്ടാന പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം. ആവശ്യങ്ങൾ അംഗീകരിക്കുംവരെ പോസ്റ്റ്മോർട്ടവുമായി സഹകരിക്കാതെയായിരുന്നു  ബന്ധുകളുടെയും നാട്ടുകാരുടെയും പ്രതിഷേധം.  വനംവകുപ്പ് ഉദ്യോഗസ്ഥർ മോർച്ചറിക്ക് മുന്നിലെത്തും വരെ അനിശ്ചിത്വം തുടർന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബന്ധുക്കളുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. തീരുമാനങ്ങളിൽ തൃപ്തിയെന്ന് ബന്ധുക്കൾ അറിയിച്ചു. 


പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഏറ്റുവാങ്ങി സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കാനെത്തിയ മലമ്പുഴ എം എൽ എയെ നാട്ടുകാർ തടഞ്ഞു. വനം വകുപ്പിൻ്റെ വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് സി പി എം ഹർത്താൽ നടത്തി. ബി ജെ പിയും കോൺഗ്രസും സംഘടിപ്പിച്ച  മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കഴിഞ്ഞ ഒരാഴ്ചയായി 3 കാട്ടാനകൾ പ്രദേശത്ത് തമ്പടിച്ചിരുന്നു. ഇന്നലെ കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടും നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകാത്തത് വനം വകുപ്പിൻ്റെ ഭാഗത്തെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. 


മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപമായിരുന്നു സംഭവം.


മുന്നിൽപെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാൽകൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണിൽ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്. ആശുപത്രിയിലേക്കെത്തും മുമ്പെ ഗുരുതര പരിക്കേറ്റ് രക്തത്തിൽ കുളിച്ച അലൻ മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിന്‍റെ വലതുഭാഗത്തും പരിക്കേറ്റാണ് വിജി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.