
റഷ്യൻ കൂലിപട്ടാളത്തിൽ അകപ്പെട്ട് യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളി ജെയിൻ കുര്യനെ വീണ്ടും യുദ്ധമുഖത്ത് എത്തിക്കാൻ ഒരുങ്ങി റഷ്യൻ പട്ടാളം. മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജെയിനിന് തിരികെ എത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചു. ക്ലിൻസിയിലെ പട്ടാള ക്യാമ്പിൽ എത്താനാണ് അറിയിപ്പ്. ആശുപത്രി അധികൃതർ വഴിയായിരുന്നു ജെയിൻ കുര്യന് അറിയിപ്പ് ലഭിച്ചത്.
മോസ്കോയിലെ ആശുപത്രിയിൽ നിന്നും പട്ടാള ക്യാമ്പിൽ എത്താനും 30 ദിവസം ചികിത്സ അവധിയിൽ പ്രവേശിക്കാനും നിർദേശമുണ്ട്. പട്ടാള ക്യാമ്പിലെത്തിയാൽ തിരികെ വരാൻ ആവില്ലെന്നും സർക്കാരുകൾ വിഷയത്തിൽ ഇടപെടണമെന്നും ജെയിൻ സഹായം അഭ്യർത്ഥിച്ചു. താൻ ക്യാമ്പിൽ എത്തിക്കഴിഞ്ഞാൽ കോൺടാക്റ്റ് ചെയ്യാൻ സാധിക്കുമോ എന്നകാര്യത്തിൽ സംശയമുണ്ട്. നേരത്തെയുണ്ടായിരുന്ന അതെ യൂണിറ്റിലേക്ക് തന്നെയാണ് തിരിച്ചെത്താൻ നിർദേശം നൽകിയിരിക്കുന്നത്. എങ്ങിനെയെങ്കിലും സഹായിക്കണമെന്നും തന്നെ തിരികെ കൊണ്ടുപോകാൻ അനുവദിക്കരുതെന്നും ജെയിൻ കുര്യൻ വീഡിയോ സന്ദേശത്തിൽ പറയുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കാനുള്ള ഓർഡർ നൽകിയെങ്കിലും തന്നെ മാത്രം അവർ റിലീസ് ചെയ്തില്ലെന്നും ജെയിൻ പറയുന്നു. ഇന്ത്യൻ എംബസിയും മലയാളി അസോസിയേഷനും സഹായിക്കുന്നുണ്ടെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും യുവാവ് വീഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് തൃശ്ശൂർ കുറാഞ്ചേരി സ്വദേശിയായ ജെയിൻ കുര്യൻ ജീവിതത്തിലേക്ക് മടങ്ങിവന്നത്. നേരെത്തെ ഇയാൾക്കൊപ്പമുണ്ടായിരുന്ന കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിരുന്നു. യുക്രൈൻ ഷെല്ലാക്രമണത്തിനിടെ പരുക്കേറ്റായിരുന്നു മരണം. ഏജന്റ് മുഖേനയാണ് ജെയിൻ അടങ്ങിയ മൂന്ന് പേർ റഷ്യയിലേക്ക് പോയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.