
നാവിക ഭൂപടത്തിൽ വിഴിഞ്ഞത്തിന് പുതുചരിത്രം. ലോകത്തിലെ തന്നെ ഏറ്റവും വലിയ മദർഷിപ്പുകളിൽ ഒന്നായ എംഎസ്‌സി തുർക്കി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. 399.9മീറ്റര്‍ നീളവും 61.3മീറ്റര്‍ വീതിയുമുള്ള കപ്പല്‍ 24,346 കണ്ടെയ്‌നറുകളുമായാണ് വിഴിഞ്ഞത്ത് എത്തിയത്. ഇതിൽ 3000 കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് ഇറക്കിയ ശേഷം കപ്പൽ നാളെ പോർച്ചുഗല്ലിലേക്ക് മടങ്ങും.
ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ അള്‍ട്രാലാര്‍ജ് ഇനത്തില്‍പ്പെട്ട എംഎസ്‌സി തുര്‍ക്കി ഇന്ന് വൈകുന്നേരം അഞ്ചേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്തിങ് പൂര്‍ത്തിയാക്കിയത്. വിഴിഞ്ഞം പുറങ്കടലില്‍ നിന്ന് വാട്ടര്‍ സല്യൂട്ട് നല്‍കി ആവേശകരമായ വരവേല്‍പ്പാണ് കപ്പലിന് ഒരുക്കിയത്.
ട്രയൽ റൺ നടന്ന സമയത്ത് തന്നെ സംസ്ഥാന ഖജനാവിൽ കോടികളാണ് പദ്ധതിയെത്തിച്ചത്. 35 കപ്പലുകളാണ് ജൂലൈ 11ന് ട്രയൽ തുടങ്ങിയ ശേഷം വിഴിഞ്ഞത്ത് എത്തിയത്. 80,000 കണ്ടെയ്നറുകളാണ് ഇറക്കിയത്. വർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. 2028ൽ തുറമുഖം പൂർണതോതിലാവുമ്പോൾ ശേഷി 30 ലക്ഷമാവും.തുറമുഖ വരുമാനത്തിന്റെ 18 ശതമാനമാണ് ജിഎസ്ടി ചമത്തുന്നത്. ഈ തുക സംസ്ഥാനവും കേന്ദ്രവും തുല്യമായി വീതിച്ചെടുക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.