.png)
കോട്ടയം അയർക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ഏറ്റുമാനൂർ പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മരിച്ച ജിസ്മോളുടെ ഭർത്താവ് ജിമ്മിയോടും ചില ബന്ധുക്കളോടും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൂന്ന് മൃതദേഹത്തിന്‍റെയും ഇൻക്വസ്റ്റ് നടപടികൾ ഇന്നലെ രാത്രിയിൽ പൂർത്തിയാക്കി. ഇന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും. ചില കുംടുബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. പക്ഷെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തതയില്ല. വീട്ടിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്തും സ്വന്തം കൈഞരമ്പ് മുറിച്ചും ജിസ്മോൾ ആദ്യം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് ഇന്നലെ അഡ്വ. ജിസ്മോള്‍ മക്കളായ നേഹ (5), നോറ (ഒരു വയസ്) എന്നിവരുമായി പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. വീട്ടിൽ വെച്ച് കുട്ടികള്‍ക്ക് വിഷം നൽകിയശേഷം ജിസ്മോള്‍ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിനുശേഷം സ്കൂട്ടറിൽ കടവിലെത്തി പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില ഗുരുതരമായിരുന്ന ഇവർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ജിസ്‌മോൾ മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് ആണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.