
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് (മെയ് 7ന്) ജില്ലയിലെ അഞ്ച് ഇടങ്ങളിൽ വൈകീട്ട് 4 ന് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. അപായ സന്ദേശം നൽകുന്ന സൈറൺ മുഴക്കത്തെ തുടർന്ന് തീപിടുത്തം , കെട്ടിടനാശം എന്നിവയുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനം നടക്കും. വൈകീട്ട് 4 .30 വരെ മോക്ഡ്രിൽ തുടരുമെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് ജില്ലാതല വകുപ്പ് മേധാവികളുമായുള്ള യോഗം കളക്ടറുടെ ചേമ്പറിൽ ഇന്ന് (മെയ് 7ന്) രാവിലെ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ , ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് , എ ഡി എം ഷൈജു പി ജേക്കബ് , ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് തുടങ്ങിയവർ പങ്കെടുത്തു.
1) കമ്മ്യൂണിറ്റി സ്റ്റഡി സെന്റർ സിഎസ്‌സി, മന്നാംകുടി - കുമളി (പീരുമേട് താലൂക്ക്)
2) ഗവൺമെന്റ് ഹൈസ്കൂൾ, മന്നാംകണ്ടം - അടിമാലി (ദേവികുളം താലൂക്ക്)
3) ഡോ.എപിജെ അബ്ദുൾ കലാം ജിഐഐഎസ്എസ്, തൊടുപുഴ ( തൊടുപുഴ താലൂക്ക്)
4) എഞ്ചിനീയറിംഗ് കോളേജ്,മൂന്നാർ (ദേവികുളം താലൂക്ക്)
5) ഗവ.ഹൈസ്കൂൾ, മാമലക്കണ്ടം (ദേവികുളം താലൂക്ക്) എന്നിവിടങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.
ഇന്ന് വൈകീട്ട് 4 മണിക്ക് സൈറൻ മുഴങ്ങുമ്പോൾ എല്ലായിടങ്ങളിലെയും (വീടുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകൾ ഓഫ് ചെയ്യേണ്ടതാണ്. ജനാലകൾ അടച്ചിടണം. 4.30 ന് മോക് ഡ്രിൽ സമാപിക്കുമ്പോൾ വീണ്ടും സൈറൺ മുഴങ്ങും.
കെട്ടിടനാശത്തെ തുടർന്നുള്ള രക്ഷാപ്രവർത്തന മോക്ഡ്രിൽ തൊടുപുഴയിലാകും നടക്കുക. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ തീപിടുത്തത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനം നടക്കും. സെർച്ച് ആൻഡ് റെസ്ക്യു് പ്രവർത്തനം മൂന്നാറിലും നടക്കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിനാണ് പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. (ജില്ലാ ഫയർ ഓഫീസർ 95672 10109 ).
സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ
കമ്മ്യൂണിറ്റി തല ഇടപെടലുകൾ
1. റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തിൽ) മോക്ക് ഡ്രിൽ വാർഡന്മാരെ നിയോഗിക്കും.
2. എല്ലാ പ്രദേശവാസികൾക്കും സിവിൽ ഡിഫൻസ് ബ്ലാക്ക്ഔട്ട് നിർദ്ദേശങ്ങൾ എത്തിക്കും.
3. ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗണ്സ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യും.
4. വാർഡുതല ഡ്രില്ലുകൾ സംഘടിപ്പിക്കും.
5. സ്കൂളുകളിലും, ബേസ്മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കും.
6. കമ്മ്യൂണിറ്റി വോളന്റിയർമാർ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രിൽ വാർഡന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക. കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.
ഗാർഹികതല ഇടപെടലുകൾ
7. മോക്ക് ഡ്രിൽ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തിൽ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തിൽ വീടുകളിൽ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളിൽ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.
8. ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
9. ബാറ്ററി/സോളാർ ടോർച്ചുകൾ, ഗ്ലോ സ്റ്റിക്കുകൾ, റേഡിയോ എന്നിവ കരുതുക.
10 . എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക. ഇതിൽ മരുന്നുകൾ, ടോർച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉൾപ്പെടുത്തുക.
11. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.
12 . എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങൾ ഒരുമിച്ചു “ഫാമിലി ഡ്രിൽ” നടത്തുക.
13 സൈറൻ സിഗ്നലുകൾ മനസ്സിലാക്കുക. ദീർഘമായ സൈറൻ മുന്നറിയിപ്പും, ചെറിയ സൈറൻ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.
14 . പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറേണ്ടതാണ്.
15 . ഔദ്യോഗിക വിവരങ്ങൾ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.
16. തീപിടുത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുക.
17. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.