
മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂടുകളും ക്യാമറകളും സ്ഥാപിച്ചു. 50 ക്യാമറകളും മൂന്നു കൂടുകളുമാണ് സ്ഥാപിച്ചത്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘം കാളികാവ് പാറശ്ശേരിയില്‍ ക്യാമ്പ് ചെയ്യുകയാണ്. കടുവയെ കണ്ടെത്താന്‍ ഇന്ന് ഡ്രോണുകള്‍ പറത്തും. കടുവാ ദൗത്യത്തിന് ഉള്ള രണ്ടാമത്തെ കുങ്കിയാന ഇന്ന് എത്തും.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ മൃതദേഹം കല്ലാമൂല ജുമാ മസ്ജിദില്‍ കബറടക്കി. ഗഫൂറിന്റെ കുടുംബത്തിനുള്ള ധനസഹായത്തിലെ ആദ്യ ഗഡു ഇന്ന് കൈമാറും. 14 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. ഇതില്‍ അഞ്ച് ലക്ഷമാണ് കൈമാറുക. വനംവകുപ്പിനെതിരെയുള്ള വലിയ പ്രതിഷേധത്തിന് ഒടുവിലാണ് മൃതദേഹം എസ്റ്റേറ്റില്‍ നിന്ന് പുറത്തിറക്കാന്‍ നാട്ടുകാര്‍ അനുവദിച്ചത്.
ഇന്നലെ പുലര്‍ച്ചെ അടക്കാക്കുണ്ട് പാറശേരി റബ്ബര്‍ എസ്റ്റേറ്റില്‍ ടാപ്പിംഗ് നടത്തുന്നതിനിടെയാണ് ഗഫൂറിനെ കടുവ ആക്രമിച്ചത്. പിറകുവശത്തിലൂടെ ചാടി വീഴുകയായിരുന്നു. സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. ചില ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു. കൂടെ ടാപ്പിംഗ് നടത്തിയ സമദ് വിവരം പറഞ്ഞാണ് പുറംലോകം അറിയുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.