HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി പിവി അൻവർ; 'യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കും'

നിലമ്പൂരിൽ മത്സരിക്കാനുള്ള പ്രഖ്യാപനം നീട്ടി പിവി അൻവര്‍

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ മത്സരിക്കാനുള്ള പ്രഖ്യാപനം നീട്ടി പിവി അൻവര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പിവി അൻവര്‍ തീരുമാനിച്ചിരുന്നത്. എന്നാൽ, യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കുമെന്നും മാന്യമായ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും പിവി അൻവര്‍ വ്യക്തമാക്കി. പ്രഖ്യാപനം നടത്താൻ ഇന്ന് രാവിലെ ഒമ്പതിന് വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം തൽക്കാലത്തേക്ക് നീട്ടിയതായി പിവി അൻവര്‍ അറിയിച്ചത്. 


യുഡിഎഫിലെ ഉന്നത നേതാക്കൾ വിളിച്ച് ഒരു പകൽ കൂടി വെയിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സമൂഹത്തിലെ പ്രധാനപ്പെട്ട സാമുദായിക നേതാക്കളും യുഡിഎഫിന്‍റെ ഉത്തരവാദിത്വപെട്ട നേതാക്കളും ചില സാമൂഹിക നേതാക്കളും വിളിച്ചിരുന്നു. അവരെല്ലാം ഒരു പകൽ കൂടി നിങ്ങള്‍ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടത്. പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലീം ലീഗ് നേതാക്കളും കോണ്‍ഗ്രസിന്‍റെ ഉത്തരവാദിത്വപ്പെട്ട നേതാക്കളും ഇപ്പോള്‍ പ്രഖ്യാപനം നടത്തരുതെന്ന് പറഞ്ഞിരുന്നു.


അതിന്‍റെ അടിസ്ഥാനത്തിൽ എന്തിനാണോ ഇപ്പോ വാര്‍ത്താസമ്മേളനം വിളിച്ചത് അക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും പിവി അൻവര്‍ പറഞ്ഞു. ഇത്രയധികം ആളുകള്‍ കാത്തിരിക്കണമെന്ന് പറയുമ്പോള്‍ അത് മുഖവിലക്കെടുക്കാതിരിക്കാൻ കഴിയില്ല. അവര്‍ പറഞ്ഞ കാര്യം മുഖവിലക്കെടുത്തുകൊണ്ട് പറയാൻ വിചാരിച്ച കാര്യങ്ങള്‍ തൽക്കാലം മാറ്റിവെക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ യോഗം ഇന്ന് രാവിലെ 11ന് ചേരുന്നുണ്ടെന്നും ഇക്കാര്യമൊക്കെ ചര്‍ച്ച ചെയ്യുമെന്നും പിവി അൻവര്‍ പറഞ്ഞു.


അൻവർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗവുമുണ്ട്. അതേസമയം, യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിൽ പിവി അൻവര്‍ അയയുന്നുവെന്ന സൂചനയാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലുണ്ടായത്. ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശവും അൻവർ മായപ്പെടുത്തിയേക്കും. യുഡിഎഫ് നേതാക്കളുമായി ചർച്ച തുടരുകയാണ് അൻവര്‍. സ്ഥാനാർഥിക്കെതിരായ പരാമർശം പിൻവലിച്ച് രംഗം തണുപ്പിക്കാനും നീക്കമുണ്ട്. സമുദായ നേതാക്കൾ വഴിയും മധ്യസ്ഥ ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം. 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA