HONESTY NEWS ADS

Electro Tech Nedumkandam

 

ഒരു രക്ഷയുമില്ലാത്ത അതിതീവ്ര മഴ! കർണാടകയിലെ എല്ലാ ജില്ലകളിലും 2 ദിവസം സമ്പൂർണ റെഡ് അലർട്ട്

കർണാടകയിൽ സമ്പൂർണ റെഡ് അലർട്ട്

കർണാടകയിൽ സമ്പൂർണ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്ന പശ്ചാത്തലത്തിലാണ് സമ്പൂർണ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ബെംഗളുരുവിൽ അടക്കം അടുത്ത രണ്ട് ദിവസം കനത്ത മഴ തുടരുമെന്നാണ് പ്രവചനം. കനത്ത മഴ തുടരുന്ന ബെംഗളൂരുവിലട ജന ജീവിതം ദുരിതമയമായി. ഇലക്ട്രോണിക് സിറ്റി അടക്കമുള്ള നഗരങ്ങളിലെ പ്രധാന മേഖലകളിലെല്ലാം വലിയ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ്. ഇന്നലെ മാത്രം നഗരത്തിൽ മഴക്കെടുതിയിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്.


വിശദ വിവരങ്ങൾ ഇങ്ങനെ

കനത്ത മഴ തുടരുന്ന ബെംഗളുരുവിലടക്കം ജനജീവിതം ദുരിതമയം. സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക് സിറ്റി, ഹൊരമാവ് അടക്കം തെക്കൻ ബെംഗളുരുവിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ 7 മണി മുതൽ സിൽക്ക് ബോർഡ് ജങ്ഷനിൽ വെള്ളക്കെട്ട് കാരണം കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കായിരുന്നു. ഒടുവിൽ 9 മണി മുതൽ 11 മണി വരെ സിൽക്ക് ബോർഡ് മുതൽ രുപെന അഗ്രഹാര വരെയുള്ള ഹൊസൂർ റോഡ് രണ്ട് മണിക്കൂർ അടച്ചിടേണ്ടി വന്നു. ഇലക്ട്രോണിക് സിറ്റിയിൽ അടക്കം പല ഐ ടി കമ്പനികളും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രാഫിക് കുരുക്കിന് കുറവുണ്ടായില്ല. മഴക്കാലപൂർവശുചീകരണം കൃത്യമായി നടപ്പാക്കാത്തതിനും റോഡുകളിലെ കുഴികൾ നന്നാക്കാത്തതിനും കർണാടക സർക്കാരിനെതിരെ ജനരോഷം ശക്തമാണ്. മഴക്കെടുതിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ ഇന്ന് ബെംഗളുരു നഗത്തിൽ ഒരു മന്ത്രിപോലും ഉണ്ടായിരുന്നില്ല. എല്ലാവരും വിജയനഗരയിൽ സംസ്ഥാനസർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷ പരിപാടിയിലായിരുന്നു. നഗരത്തിലെ പലയിടങ്ങളിലും കുഴികൾ നികത്താത്തതും ഓടകൾ നന്നാക്കാത്തതും ജനങ്ങളുടെ ദുരിതം കൂട്ടിയതായി ആരോപണമുയരുന്നു.


തമിഴ്നാട്ടിലും മഴക്കെടുതി

അതിനിടെ തമിഴ്നാട്ടിലും മഴക്കെടുതിയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. മധുരയിൽ വീടിന്റെ സൺഷേഡ് തകർന്നുവീണ് രണ്ട് സ്ത്രീകളും പത്തുവയസുകാരനുമാണ് മരിച്ചത്. കനത്ത മഴയ്ക്ക് പിന്നാലെ വൈദ്യുതി മുടങ്ങിയതോടെ മൂന്ന് പേരുംവീടിന് പുറത്തിരുന്ന് സംസാരിക്കുമ്പോഴായിരുന്നു അപകടം. സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് 2 ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS