HONESTY NEWS ADS

Electro Tech Nedumkandam

 

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഈ 6 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Carmel International Language Zone: Idukki, Cheruthoni

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകൾക്ക് പിറകെ വയനാട്ടിലും അവധി പ്രഖ്യാപിച്ചു. വയനാട്ടില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ  ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾ നടക്കുമെന്ന് കാസർകോട് കളക്ടറും റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ഇടുക്കി കളക്ടറും വ്യക്തമാക്കി.


ഇടുക്കി ജില്ലയിൽ അവധി 

ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (29 /05/2025 ബുധനാഴ്ച്ച) ജില്ലാ കളക്ടർ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിംഗ് സെഷനുകൾ എന്നിവ പാടില്ല. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.


എറണാകുളം ജില്ലയിൽ അവധി

ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ  ഓറഞ്ച് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച ( മെയ് 29) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. 


കണ്ണൂർ ജില്ലയിൽ അവധി

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.


കാസർകോട് ജില്ലയിൽ അവധി

കാസർകോട്  ജില്ലയിലെ  പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ  തുടങ്ങിയവയ്ക്ക് ഇന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ ജില്ലയിൽ  റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. ബീച്ചുകളിലേക്കും വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല.


വയനാട് ജില്ലയിൽ അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷൻ സെന്‍ററുകള്‍, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും  റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS