
സാമൂഹ്യ മാധ്യമങ്ങളിലും വാട്സാപ്പിലും വരുന്നതെല്ലാം കണ്ണും പൂട്ടി വിശ്വസിക്കുകയും മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യുകയും ചെയ്യുമ്പോൾ നാം ഓര്‍ക്കാറില്ല, ഇതില്‍ നശിക്കുന്നത് ഒരു വ്യക്തിയോ കുടുംബമോ അയിരിക്കുമെന്ന്. അങ്ങനെയൊരു അനുഭവമാണ് ഗുരുവായൂരില്‍ തമിഴ് യുവാവിനും കുടുംബത്തിനും ഉണ്ടായത്. കുപ്രസിദ്ധ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് ഗുരുവായൂരില്‍ തമിഴ് യുവാവിന് നേരിടേണ്ടി വന്നത് പൊലീസിന്റെയും നാട്ടുകാരുടെയും കടുത്ത പീഡനമാണ്. ഇതില്‍ മനംനൊന്ത് വിറങ്ങലിച്ചിരിക്കുകയാണ് അഞ്ച് വയസിന് താഴെയുള്ള മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്ന യുവാവിന്റെ കുടുംബം.
ഗുരുവായൂര്‍ തിരുവെങ്കിടം കണ്ടന്‍കുളങ്ങരയില്‍ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന കടലൂര്‍ കാട്ടുമണ്ടാരകുടി സ്വദേശി അരവിന്ദിനെയാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒരു ദിവസത്തേക്ക് കള്ളനാക്കിയത്. കഴിഞ്ഞ മാസം തിരുനെല്‍വേലി റെയില്‍വേ സ്റ്റേഷനില്‍നിന്ന് യാത്രക്കാരന്റെ ആറു പവന്‍ അടങ്ങിയ ബാഗ് തട്ടിപ്പറിച്ചു ഓടിയ കേസിലെ പ്രതിയെയാണ് തമിഴ്‌നാട് പൊലീസ് അന്വേഷിച്ചിരുന്നത്. ഈ മോഷ്ടാവിന്റെ സി സി ടി വി ദൃശ്യവുമായി അരവിന്ദന് സാമ്യം ഉണ്ടായിരുന്നു. സി സി ടി വിയില്‍ പതിഞ്ഞ യഥാര്‍ത്ഥ മോഷ്ടാവിന്റെ ഫോട്ടോക്കൊപ്പം അരവിന്ദന്റെ ഫോട്ടോയും തമിഴ്‌നാട് പൊലീസ് ഗുരുവായൂര്‍ പൊലീസിന് അയച്ചു നല്‍കി. ഗുരുവായൂര്‍ പൊലീസ് വാട്‌സാപ്പിലൂടെ നാട്ടുകാരെ വിവരം അറിയിച്ചു. ഫോട്ടോ കണ്ട് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ അരവിന്ദനെ പിടികൂടി കെട്ടിയിട്ടു. കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടിയെന്ന് പറഞ്ഞ് ഫോട്ടോയെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പിന്നീട് ഗുരുവായൂര്‍ പൊലീസിന് കൈമാറി. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് തമിഴ്‌നാട്ടില്‍ നിന്ന് നാല് പൊലീസുകാര്‍ ഗുരുവായൂരില്‍ എത്തി. വിശദമായി ചോദ്യം ചെയ്തതോടെ അരവിന്ദന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടു.
തമിഴ്‌നാട്ടില്‍ അരവിന്ദനെതിരെ പോക്‌സോ കേസുണ്ടായിരുന്നു. അയല്‍വാസിയായ പെണ്‍കുട്ടിയുമായി അരവിന്ദന്‍ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടക്കില്ലെന്ന് ഉറപ്പായതോടെ ആറുവര്‍ഷം മുമ്പ് പ്രണയിനിയുമായി അരവിന്ദ് ഗുരുവായൂരിലേക്ക് വണ്ടി കയറി. 18 വയസ് തികയാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ പോക്‌സോ കേസില്‍ അറസ്റ്റിലായി. ഈ സമയത്ത് പൊലീസ് എടുത്ത ഫോട്ടോയാണ് സി സി ടി വി ദൃശ്യത്തിലെ മോഷ്ടാവുമായി സാമ്യം തോന്നിപ്പിച്ചത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ പ്രണയിനിയെ വിവാഹം കഴിക്കുകയും കേസ് തള്ളി പോവുകയും ചെയ്തു. ഇതിന് ശേഷം ഏഴുമാസമായി അരവിന്ദ് ഭാര്യക്കും മൂന്ന് കുഞ്ഞുങ്ങള്‍ക്കും ഒപ്പം കണ്ടന്‍ കുളങ്ങരയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ബുധനാഴ്ച രാത്രി പൊലീസ് പിടികൂടിയ അരവിന്ദനെ വ്യാഴാഴ്ച ഉച്ചയ്ക്കാണ് വിട്ടയക്കുന്നത്.
മോഷ്ടാവാണെന്ന് പ്രചാരണം ഉണ്ടായതോടെ വാടകവീട്ടില്‍ നിന്ന് ഒഴിയാന്‍ ഉടമ നിര്‍ബന്ധിച്ചു. മൂന്ന് ദിവസം പണിക്ക് പോകാന്‍ പറ്റിയില്ല. ബഹളത്തിനിടയില്‍ ഫോണിന്റെ ഡിസ്‌പ്ലേ പൊട്ടി. നിരപരാധിയാണെന്ന് കണ്ട് പൊലീസുകാര്‍ വെറുതെ വിട്ടെങ്കിലും മോഷ്ടാവാണെന്ന സന്ദേശം വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ഇതുമൂലം പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്ന് അരവിന്ദന്‍ പറഞ്ഞു. മോഷ്ടാവാണെന്ന് ചിത്രീകരിച്ച് അടിവസ്ത്രം മാത്രം ധരിച്ച് ബന്ധസ്ഥനാക്കി തെരുവിലിറക്കിയത് ഈ കുടുംബത്തെ കടുത്ത മനോവിഷമത്തിലാക്കി. ആത്മഹത്യക്ക് മുതിര്‍ന്ന അരവിന്ദനെ ഭാര്യയും മറ്റുള്ളവരും ചേര്‍ന്ന് പിന്തിരിപ്പിച്ചു. ഇനിയും മാനസിക വിഷമം നേരിടേണ്ടി വന്നാല്‍ നാട്ടിലേക്ക് തിരിച്ചു പോകാനാണ് ഇവരുടെ തീരുമാനം. തമിഴ്‌നാട് പൊലീസും കേരള പൊലീസും നടത്തിയ ആശയവിനിമയത്തില്‍ വന്ന അപാകതയാണ് ഈ കുടുംബത്തിന് വിനയായത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.