സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 1560 രൂപയാണ് വര്‍ധിച്ചത്. 74,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് വര്‍ധിച്ചത്. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. പ്രധാനമായും മുംബൈ വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെ സ്വര്‍ണ വില കണക്കാക്കാറുള്ളത്.