ജൂണ്‍ 1 മുതല്‍ രാജ്യത്ത് നിരവധി സാമ്പത്തിക നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു. വ്യക്തികളെയും ബിസിനസ്സുകളെയും ഒരുപോലെ ബാധിക്കുന്നതാണ് ഈ മാറ്റങ്ങള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ 3.0 സംവിധാനം, ടിഡിഎസ് സമയപരിധി, ഓവര്‍നൈറ്റ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ പുതിയ കട്ട്-ഓഫ് സമയം എന്നിവയെല്ലാം ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രധാന മാറ്റങ്ങളില്‍ ചിലതാണ്.
പ്രധാന മാറ്റങ്ങള്‍ താഴെക്കൊടുക്കുന്നു:
ഇപിഎഫ്ഒ 3.0
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇപിഎഫ്ഒ 3.0 അവതരിപ്പിച്ചേക്കും. പിഎഫ് പിന്‍വലിക്കല്‍ പ്രക്രിയ ലളിതമാക്കുന്നതിന് യുപിഐ, എടിഎം എന്നിവ വഴി പിഎഫ് പണം പിന്‍വലിക്കാന്‍ ഇത് ഇപിഎഫ് അംഗങ്ങളെ സഹായിക്കും. കൂടാതെ, പുതിയ സംവിധാനം ഉപയോഗിച്ച് ഇപിഎഫ് അംഗങ്ങള്‍ക്ക് യുപിഐ പ്ലാറ്റ്ഫോമുകളില്‍ നേരിട്ട് പ്രൊവിഡന്റ് ഫണ്ട് ബാലന്‍സ് പരിശോധിക്കാനും ഇഷ്ടമുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാനും സാധിക്കും.
ആദായനികുതി സമയപരിധി
ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോഴ്‌സ് (ടിഡിഎസ്) സര്‍ട്ടിഫിക്കറ്റ് ആയ ഫോം 16 നല്‍കാനുള്ള അവസാന തീയതി 2025 ജൂണ്‍ 15 ആണ്. ശമ്പളമുള്ള ജീവനക്കാര്‍ക്ക് അവരുടെ ശമ്പളത്തില്‍ നിന്ന് നികുതി കുറച്ചതായി സ്ഥിരീകരിച്ച് തൊഴിലുടമകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് ഫോം 16. കുറച്ച നികുതി ആദായനികുതി വകുപ്പില്‍ അടച്ചുവെന്നതിന്റെ തെളിവാണിത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫോം 16, 2025 ജൂണ്‍ 15-നകം നല്‍കിയിരിക്കണം.
ആധാര്‍ വിവരങ്ങള്‍ പുതുക്കല്‍
മൈആധാര്‍ പോര്‍ട്ടലില്‍ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള അവസാന തീയതി ജൂണ്‍ 14 ആണ്. ഈ തീയതിക്ക് ശേഷം, ഓണ്‍ലൈന്‍ അപ്ഡേറ്റുകള്‍ക്ക് 25 രൂപയും ഫിസിക്കല്‍ ആധാര്‍ സെന്ററുകളില്‍ അപ്ഡേറ്റ് ചെയ്യുന്നതിന് 50 രൂപയും ഫീസ് ഈടാക്കും.
സെബി നിയമങ്ങള്‍
ഓവര്‍നൈറ്റ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് സെബി ജൂണ്‍ 1 മുതല്‍ പുതിയ കട്ട്-ഓഫ് സമയങ്ങള്‍ അവതരിപ്പിച്ചു. എന്‍എവി (നെറ്റ് അസറ്റ് വാല്യൂ) കണക്കുകൂട്ടല്‍ പ്രക്രിയയില്‍ സുതാര്യതയും സ്ഥിരതയും കൊണ്ടുവരുകയാണ് പുതുക്കിയ കട്ട്-ഓഫ് സമയത്തിന്റെ ലക്ഷ്യം. ജൂണ്‍ 1 മുതല്‍ ഓവര്‍നൈറ്റ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് ഓഫ്ലൈന്‍ ഇടപാടുകള്‍ക്ക് വൈകുന്നേരം 3 മണിയും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് വൈകുന്നേരം 7 മണിയും ആയിരിക്കും കട്ട്-ഓഫ് സമയം.
ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍
ചില ബാങ്കുകള്‍ ജൂണ്‍ മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഫീസുകളിലും നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തും.
കൊട്ടക് മഹീന്ദ്ര ബാങ്ക്: കൊട്ടക് മഹീന്ദ്ര ബാങ്ക് ജൂണ്‍ 1 മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഫീസ് ഘടനയില്‍ മാറ്റങ്ങള്‍ വരുത്തും. സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ നടക്കാതിരിക്കല്‍, ഡൈനാമിക് കറന്‍സി കണ്‍വേര്‍ഷനുമുള്ള പുതിയ ഫീസുകള്‍ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, വൈകിയുള്ള പേയ്‌മെന്റ് ഫീസുകള്‍ ഒഴിവാക്കാന്‍ എല്ലാ മാസവും അടയ്ക്കേണ്ട ഏറ്റവും ചെറിയ തുകയായ മിനിമം എമൗണ്ട് ഡ്യൂ നിര്‍ണ്ണയിക്കുന്നതിന് ബാങ്ക് ഒരു പുതിയ രീതി അവതരിപ്പിക്കും.
എച്ച്ഡിഎഫ്‌സി ബാങ്ക്: എച്ച്ഡിഎഫ്‌സി ബാങ്ക് ജൂണ്‍ 10 മുതല്‍ ടാറ്റാ നെക്സ്റ്റ് ഇന്‍ഫിനിറ്റി, ടാറ്റാ നെക്സ്റ്റ് പ്ലസ് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കുള്ള ലോഞ്ച് ആക്‌സസ് പോളിസി പരിഷ്‌കരിക്കും. പുതുക്കിയ നയം അനുസരിച്ച്, നേരിട്ടുള്ള കാര്‍ഡ് സൈ്വപ്പുകള്‍ക്ക് പകരം ത്രൈമാസ ചെലവുകളെ അടിസ്ഥാനമാക്കി വൗച്ചറുകള്‍ വഴി ലോഞ്ച് ആക്‌സസ് അനുവദിക്കും.
ആക്‌സിസ് ബാങ്ക്: ജൂണ്‍ 20 മുതല്‍ ആക്‌സിസ് ബാങ്ക് അതിന്റെ റിവാര്‍ഡ്‌സ് ക്രെഡിറ്റ് കാര്‍ഡില്‍ ഘട്ടം ഘട്ടമായി ക്രമീകരണങ്ങള്‍ അവതരിപ്പിക്കും. റിവാര്‍ഡ് പോയിന്റുകള്‍, ക്യാഷ്ബാക്ക് ശതമാനം, ലോഞ്ച് ആക്‌സസ്, ചില കാര്‍ഡുകളുടെ ചെലവ് വിഭാഗങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തും.