HONESTY NEWS ADS

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

പീരുമേട് കൊലപാതകം; വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ കയറി, കഴുത്തിൽ മൽപ്പിടുത്തത്തിന്‍റെ പാടുകൾ

ഇടുക്കി: പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീയായ സീത കൊല്ലപ്പെട്ട സംഭവത്തിൽ തുടക്കം മുതൽ സംശയമുണ്ടായിരുന്നുവെന്ന് കോട്ടയം ഡിഎഫ്ഒ

ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീയായ സീത കൊല്ലപ്പെട്ട സംഭവത്തിൽ തുടക്കം മുതൽ സംശയമുണ്ടായിരുന്നുവെന്ന് കോട്ടയം ഡിഎഫ്ഒ എൻ രാജേഷ് പറഞ്ഞു. തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീതയുടെ (42) മരണം കൊലപാതകമാണെന്ന് പോസ്റ്റ്‍മോര്‍ട്ടത്തിലൂടെയാണ് തെളിഞ്ഞത്. 


വനത്തിൽ വെച്ച് കാട്ടാന ആക്രമിച്ചുവെന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്. ബിനു പൊലീസ് നിരീക്ഷണത്തിലാണിപ്പോൾ. ബിനു തന്നെയായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കാട്ടാന ആക്രമണം ഉണ്ടായെന്ന് അറിഞ്ഞ് സ്ഥലത്ത് എത്തിയത് മുതൽ സംശയമുണ്ടായിരുന്നുവെന്നും ഇൻക്വസ്റ്റിന് മുമ്പ് തന്നെ പൊലീസിന് വിവരങ്ങൾ കൈമാറിയിരുന്നുവെന്നും കോട്ടയം ഡിഎഫ്ഒ കോട്ടയം ഡിഎഫ്ഒ എൻ രാജേഷ് പറഞ്ഞു.


വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയപ്പോൾ തന്നെ ആന ആക്രമണമല്ലെന്ന് മനസിലായിരുന്നു. ബിനു പറഞ്ഞ കാര്യങ്ങളിൽ അടിമുടി സംശയങ്ങൾ ഉണ്ടായിരുന്നു. ബിനുവിന്‍റെ മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നു. ബിനുവിനെയും ആന ആക്രമിച്ചുവെന്നാണ് പറഞ്ഞത്. എന്നാൽ, ബിനുവിന് ഒരു പരിക്കും ഇല്ലായിരുന്നു. ബിനു വനം വകുപ്പിന്‍റെ താത്കാലിക ഫയർ വാച്ചറായിരുന്നു. കാട് നന്നായി അറിയാവുന്ന ആളാണ്. ആനയുടെ സാന്നിധ്യം മനസിലാക്കാൻ കഴിയുന്ന ആളാണ് ബിനുവെന്നും കോട്ടയം ഡിഎഫ്ഒ പറഞ്ഞു.


ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. വന വിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയപ്പോൾ മീൻമുട്ടി ഭാഗത്ത്‌ വെച്ച് തന്നെയും ഭാര്യ സീതയെയും കാട്ടാന ആക്രമിച്ചുവെന്ന് ബിനു ബന്ധുക്കളെ വിവരം അറിയിച്ചു. ബിനുവും മക്കളും ചേർന്ന് സീതയെ ചുമന്നു വനത്തിനു പുറത്തേക്ക് എത്തിച്ചു. തുടർന്ന് വനം വകുപ്പ് വാഹനത്തിൽ പീരുമേട് തലൂക്ക് ആശുപത്രിയിൽ കൊണ്ടു വന്നു. അപ്പോഴേക്കും മരിച്ചിരുന്നു. സീതയുടെ ദേഹത്തെ പരിക്കുകളും കാട്ടാന എടുത്തെറിഞ്ഞുവെന്ന പറഞ്ഞ ബിനുവിന്‍റെ ദേഹത്തു പരിക്കുകൾ ഇല്ലാതിരുന്നതും വനം വകുപ്പിനെയും ഡോക്ടർമാരെയും സംശയത്തിലാക്കി.


തുടർന്ന് ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്‌ മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം പരിശോധനയിൽ സീതയുടെ ദേഹത്ത് വന്യമൃഗ അക്രമണത്തിന്‍റെ ലക്ഷണം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തലയുടെ ഇരുവശത്തും പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചതിന്‍റെ പരിക്കുകൾ ഉണ്ടായിരുന്നു. മരത്തിൽ ബലമായി ഇടിപ്പിച്ചതാകാനാണ് സാധ്യത എന്നാണ് നിഗമനം. തലക്ക് പുറകിൽ വീണു പരിക്കേറ്റ മുറിവുണ്ട്. മുഖത്തും കഴുത്തിലും മൽപ്പിടുത്തം നടന്ന പാടുകളുമുണ്ട്. 


കഴുത്തിന് ശക്തിയായി അമർത്തി പിടിച്ചതിന്‍റെയും മുഖത്ത് രണ്ടു കൈകൊണ്ടും അടിച്ചതിന്‍റെയും പാടുകൾ ഉണ്ടായിരുന്നു. പരിക്കുകളുടെ ലക്ഷണം വെച്ച് മുൻപിൽ നിന്നാണ് ആക്രമണം നടന്നത്. ചെറിയ ദൂരം കാലിൽ പിടിച്ചു വലിച്ച് ഇഴക്കപ്പെട്ടതിന്‍റെ മുറിവുകളും സീതയുടെ ദേഹത്ത് ഉണ്ടായിരുന്നു. ഇടത് വശത്തെ ഏഴു വാരിയെല്ലുകളും വലത് വശത്തെ ആറു വാരിയെല്ലുകളും പൊട്ടുകയും മൂന്നെണ്ണം ശ്വാസകോശത്തിൽ തറച്ചു കയറുകയും ചെയ്തു. 


നാഭിക്ക് തൊഴിയേറ്റ പരിക്കും ഉണ്ടായിരുന്നു. ഇതെല്ലാമാണ് കൊലപാതകം ആണെന്ന് സ്‌ഥിരീകരിക്കാൻ കാരണമായത്. പീരുമേട് താലൂക്ക് ആശുപത്രിയിലെ ഫോറൻസിക് ആർജൻ ആദർശ് രാധാകൃഷ്ണൻ ആണ് പോസ്റ്റ്മോർട്ടം ചെയ്തത്. താനും മക്കളും മാത്രമാണ് കാട്ടിലേക്ക് പോയതെന്ന് ബിനു പറഞ്ഞിരുന്നു. അതിനാൽ ഇയാൾ തന്നെ ആയിരിക്കാം കൊലപാതകത്തിന് പിന്നിൽ എന്നാണ് പൊലീസിന്‍റെ കണക്കു കൂട്ടൽ. ഇത് സ്‌ഥിരീകരിക്കാൻ ബിനുവിനെ വിശദമായി ചോദ്യം ചെയ്യും. മക്കളിൽ നിന്നും വിവരം ശേഖരിക്കും.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS