HONESTY NEWS ADS

Electro Tech Nedumkandam

 

ചൂരൽമലയിൽ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസ്; വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തുവെന്ന് എഫ്ഐആര്‍

മേപ്പാടി ചൂരൽമലയിൽ ഇന്നലെ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ്

മേപ്പാടി ചൂരൽമലയിൽ ഇന്നലെ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ് എടുത്തു. വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തുവെന്നും വാഹനത്തിന് കേടുവരുത്തിയെന്നും ആരോപിച്ചാണ് പൊലീസ് കേസെടുത്തത്. ചൂരൽമല സ്വദേശികളായ ആറു പേർക്കെതിരെയാണ് മേപ്പാടി പൊലീസ് കേസ് എടുത്തത്.


മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിലെ പാളിച്ചകളും സുരക്ഷിത മേഖലകൾ തിരിച്ച അശാസ്ത്രീയതയും ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം. വില്ലേജ് ഓഫീസറെയും തഹസിൽദാരെയും പ്രതിഷേധിച്ച നാട്ടുകാർ തടഞ്ഞിരുന്നു. പിന്നാലെ പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു. ദുരന്തബാധിതർക്ക് ഒരു സഹായവും നൽകാതെ സർക്കാർ കേസെടുക്കുന്നുവെന്ന് ടി സിദ്ദീഖ് എം എൽ എ കുറ്റപ്പെടുത്തി. പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാൻ കേസെടുക്കുന്നത് രാഷ്ട്രീയ തീരുമാനമെന്നും സിദ്ദീഖ് പറഞ്ഞു.


ഇന്നലെ ചൂരൽമല, മുണ്ടക്കൈ മേഖലയിൽ ശക്തമായ മഴയെ തുടര്‍ന്ന് പുന്നപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. വെള്ളം ശക്തിയായി കുത്തിയൊഴുകിയതോടെ അട്ടമല ഭാഗത്തുണ്ടായിരുന്ന തൊഴിലാളികളെയടക്കം പുറത്തേക്ക് എത്തിച്ചിരുന്നു. മഴ മുന്നറിയിപ്പ് നൽകിയില്ലെന്നും മുൻകരുതൽ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചും ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്നും ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. 


ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഇവരേയും നാട്ടുകാർ തടഞ്ഞു.


പുനരധിവാസത്തിലെ പിഴ, സുരക്ഷിത സ്ഥാനങ്ങളെ കുറിച്ച് തർക്കം ഇവയാണ് നാട്ടുകാർ പറയുന്ന വിഷയങ്ങൾ. തൊഴിൽ നഷ്ടപ്പെട്ടവർക്ക് യാതൊരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്നും നാട്ടുകാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, ചൂരൽമല മേഖലയിൽ നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നുമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയത്. മണ്ണൊഴുകി വരുന്നത് മൂലമാണ് ചളിവെള്ളം പുഴയിലൂടെ എത്തുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമുള്ള തൊഴിലാളികളെ സ്ഥലത്ത് നിന്ന് മാറ്റി. കനത്തമഴയാണ് പെയ്തതെന്നും ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ഇക്കരയെത്തിയ തൊഴിലാളികളും പറഞ്ഞു. 


മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ടെന്ന് നാട്ടുകാരാണ് പറഞ്ഞത്. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറഞ്ഞത്. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചത്. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഇന്നും ചൂരൽമരയിൽ മഴ തുടരുന്നുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS