
സേലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയും അമ്മ മരിയയും ചികിത്സയില്‍ തുടരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും ഇന്നലെ തൃശൂർ സൺ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്. അപകടത്തിൽ തലക്ക് പരിക്കേറ്റ ഷൈനിന്റെ പിതാവ് സി പി ചാക്കോ മരിച്ചിരുന്നു. ഇന്നലെ രാത്രിയോടെ തന്നെ മൃതദേഹവും നാട്ടിലെത്തിച്ചു. വിദേശത്തുള്ള പെൺമക്കൾ കൂടി എത്തിയ ശേഷമാകും സംസ്കാരം എന്ന് ബന്ധുക്കൾ അറിയിച്ചു.
തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ച് ദിശ മാറിയെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ മരിച്ചുവെന്നാണ് വിവരം. ഷൈനിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഷൈനും കുടുംബവും ബെംഗളൂരുവിലേക്ക് തിരിച്ചത്.