
കണ്ണൂർ കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗത കുരുക്കിൽപ്പെട്ട് മൂന്നര വയസുകാരന് ദാരുണാന്ത്യം. പാൽചുരം കോളനിയിലെ പ്രദോഷ് – ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കൊട്ടിയൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഓടുന്ന 108 ആംബുലൻസ് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കൊട്ടിയൂർ അമ്പായത്തോട്ടിലെ കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും റോഡിലുണ്ടായ ഗതാഗത കുരുക്കിൽ ആംബുലൻസ് കുടുങ്ങി പോകുകയായിരുന്നു.
പൊലീസും നാട്ടുകാരും വാഹനം മുന്നിലേക്ക് പോകാനായി സഹായിച്ചുവെങ്കിലും വലിയ വാഹനങ്ങൾക്കിടയിൽപ്പെട്ട് 50 മിനിട്ടോളമാണ് ആംബുലൻസ് റോഡിലെ ഗതാഗത കുരുക്കിൽ പെട്ടതെന്ന് ആംബുലൻസ് ഡ്രൈവർ ട്വന്റി ഫോറിനോട് പറഞ്ഞു. പത്ത് മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലത്താണ് കുട്ടി ഉണ്ടായിരുന്നതെന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞു. പിന്നീട് വാഹനം അമ്പായത്തോട്ടിലെ പ്രജുലിന്റെ വീട്ടിൽ എത്തുകയും മാനന്തവാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്ക് മുന്നേ തന്നെ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിരന്തരമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന പ്രജുലിന് തലച്ചോറിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകളാണ് കൊട്ടിയൂർ ഉത്സവത്തിൽ പങ്കെടുക്കാനായി ദിനം പ്രതി എത്തുന്നത്. നൂറ് കണക്കിന് ടൂറിസ്റ്റ് വാഹനങ്ങൾ ദിവസവും വന്നുപോകുന്നുണ്ട്. എന്നാൽ കൃത്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ സാധിക്കാത്തതിനാൽ കൊട്ടിയൂർ ഭാഗത്ത് വൻ ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്.