HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഏലത്തോട്ടങ്ങളിൽ കാട്ടാനയിറങ്ങി വ്യാപക നാശം വിതച്ചു; വിളവെടുപ്പ് കാലത്ത് കണ്ണീരോടെ കർഷകർ

ഇടുക്കി: വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നാശം വിതച്ചു

വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നാശം വിതച്ചു. ഇടുക്കി വനമേഖലയുടെ ഭാഗമായ കാഞ്ചിയാർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന വനാതിർത്തി സമീപമുള്ള മുരിക്കാട്ടുകുടി, തുളസിപ്പടി മേഖലയിലെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിലാണ് ആനക്കൂട്ടം ഇറങ്ങി വ്യാപക നാശം വിതച്ചത്. തുളസിപ്പടി സ്വദേശികളായ കൂനാനി ജോണി, ഇരട്ട പ്ലാമൂട്ടിൽ രാജു, ആറ്റുച്ചാലിൽ ബിനോയി, ചക്കാലയ്ക്കൽ കുഞ്ഞുമോൻ, രാജൻ പുതുശേരിൽ, ജോണി പുതുപറമ്പിൽ എന്നിവരുടെ ഏലത്തോട്ടങ്ങളിലാണ് കാട്ടാനകൾ നാശം സൃഷ്ടിച്ചത്.


ഇന്നലെ രാത്രി എട്ട് മണി മുതൽ മുരിക്കാട്ടുകുടി ട്രഞ്ചിന് സമീപത്തെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ നാട്ടുകാർ പടക്കം പൊട്ടിച്ചും ബഹളം വെച്ചും ഓടിച്ച് വനാതിർത്തിയിലെ ചപ്പാത്ത് കടത്തി കാട്ടിലേയ്ക്ക് വിട്ടിരുന്നു. എന്നാൽ ഈ ആനകൾ രാത്രി 11 ഓടെ സമീപത്തെ മറ്റൊരു മേഖലയായ തുളസിപ്പടിയിലേയ്ക്ക് കടന്നു. രണ്ട് പിടിയാനകളും ഒരു കുട്ടിയാനയുമാണ് ഉണ്ടായിരുന്നത്. ഇവ രാത്രി മുഴുവൻ ഈ പ്രദേശമാകെ കയറിയിറങ്ങി നാശം വിതച്ചു. ഏലത്തോട്ടങ്ങളിൽ കടന്ന കാട്ടാനകൾ പ്ലാവിൽ നിന്നും ചക്കകൾ പറിച്ചു തിന്നും വാഴകൾ വ്യാപകമായി ഒടിച്ചു തിന്നും കൃഷിയിടമാകെ നശിപ്പിച്ചു. പുലർച്ചെ നാലു മണിക്ക് ശേഷമാണ് കാട്ടാനകൾ തിരികെ വനത്തിലേയ്ക്ക് കയറി പോയത്. 


പ്രദേശവാസികളായ പലരും രാവിലെ ജോലിക്കായി പോകുന്ന റോഡിലും ആനകൾ പുലർച്ചെ നിലയുറപ്പിച്ചിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പുലർച്ചെ തന്നെ സ്ഥലത്തെത്തി. രാവിലെയോടെ ആനയെ കാട്ടിലേക്കു മടക്കി അയക്കാൻ ശ്രമം തുടരുകയാണ്. ലക്ഷങ്ങൾ കടം വാങ്ങിയും അല്ലാതെയും വൻ തുക മുടക്കി ഏലം കൃഷി നടത്തിയിരുന്ന പല കർഷകരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA