ജീവൻ രക്ഷിക്കേണ്ടതായ 108 ആംബുലൻസുകൾ തന്നെ അപകടകാരികളായി മാറുകയാണ്. തകരാറിലായ വാഹനങ്ങൾ ശരിയായ മെക്കാനിക്കൽ പരിശോധനയോ സേവനപരിശോധനയോ നടത്താതെ സർവീസ് നടത്തുകയാണ്. ബ്രേക്ക് തകരാറും ടയർ ഇല്ലാത്തതും 108 ആംബുലൻസുകൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സമാനമായ രീതിയിൽ ഇന്ന് ഇടുക്കി കുളമാവിന് സമീപം അയ്യങ്കാട് വാഹനം അപകടത്തിൽപ്പെട്ടു. കട്ടപ്പന ഇരുപതേക്കറിൽ നിന്നും തൊടുപുഴയിലേയ്ക്ക് രോഗിയുമായി പോയ 108 ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് തകരാറും പിൻഭാഗത്തെ ടയർ തേഞ്ഞ് തീർന്നതുമാണ് അപകടത്തിന്റെ കാരണം.
ഹൈറേഞ്ചിലെ ദുർഘടമായ പല വഴികളിലൂടെയും പോയി രോഗികളെ വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രികളിലെത്തിക്കാനാണ് 108 ആംബുലൻസ് സൗകര്യം സർക്കാർ ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്ററിലധികം യാത്ര ചെയ്യാൽ മാത്രമേ ഹൈറേഞ്ചിൽ നിന്ന് ഒരു നല്ല ആശുപത്രിയിലെത്താൻ സാധിക്കൂ. രോഗിയുടെ ജീവൻ രക്ഷിക്കാൻ വേഗതയിൽ പായുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് അപകടത്തിൽപ്പെടുകയാണ്. കൺട്രാക്‌ടിനു കീഴിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പൂർണമായും താത്കാലിക പരിഹാരങ്ങൾ ഉപയോഗിച്ചാണ് സർവീസ് നടത്തുന്നത്. അപകടം മുന്നിൽ കണ്ടിട്ടും ജീവൻ രക്ഷിക്കാനായി പായുകയാണ് വാഹനത്തിലെ ജീവനക്കാരും.
ജീവനക്കാർ തകരാറുകൾ റിപ്പോർട്ട് ചെയ്താൽ, നാളെ ശരിയാക്കാം ഇന്ന് സർവീസിനായി പുറപ്പെടുക എന്ന മറുപടിയാണ് അധികാരികളിൽ നിന്നും ലഭിക്കുന്നത്. എന്നാൽ ഇതിന് ഇരയാകുന്നത് രോഗികളും ജീവനക്കാരും. തകരാറിലായ വാഹനങ്ങൾ സർവീസിൽ നിന്നും പിന്‍വലിച്ച് പൊതുജന സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ഇനിയെങ്കിലും ശ്രമിക്കണം. അല്ലെങ്കിൽ പൊലിയുന്നത് ഓരോ ജീവനുകളാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.