HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

വിഎസിന്‍റെ ജന്മദിനത്തിൽ ജനനം, പേരിലും സാമ്യം, പക്ഷേ എല്ലാം യാദൃശ്ചികം

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പേരിനും ഇനിഷ്യലിനും സമാനമായി ഒരു കുട്ടി

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പേരിനും ഇനിഷ്യലിനും സമാനമായി ഒരു കുട്ടി വി.എസ്സുണ്ട് എറണാകുളം വരാപ്പുഴയിൽ. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശിയായ ചലച്ചിത്ര സംവിധായകൻ അമ്പിളിയുടെ ചെറുമകനായ മൂന്നര വയസുകാരൻ വി.എസ് അച്യുതനാണ് ആ ജൂനിയർ വി.എസ്. വി.എസ് ജനിച്ച ഒക്ടോബർ 20 ന് തന്നെയാണ് അച്യുതന്‍റെയും ജന്മദിനം.


കുഞ്ഞിനെന്തു പേരിടും എന്ന ചർച്ചകളിൽ അമ്പിളിയുടെ മകൾ അയിഷ മരിയ അമ്പിളി മുന്നോട്ടു വച്ച ഒരേയൊരു നിബന്ധന പേര് മലയാളിത്തം നിറഞ്ഞതായിരിക്കണം എന്നതുമാത്രമായിരുന്നു. ഒടുവിൽ അച്യുതൻ എന്നിടാമെന്ന് എല്ലാവരും തീരുമാനിച്ചു. എറണാകുളം വരാപ്പുഴ വേലംപറമ്പിൽ ശ്യാംകുമാറാണ് കുട്ടിയുടെ പിതാവ്. ശ്യാംകുമാറിന്‍റെ അച്ഛനാണ് അച്യുതൻ എന്ന പേര് നിര്‍ദേശിച്ചത്. തെരഞ്ഞെടുത്ത അച്യുതൻ എന്ന പേരിനൊപ്പം ശ്യാംകുമാർ എന്ന പേരിന്‍റെ ആദ്യാക്ഷരമായ എസ്സും വീട്ടുപേരായ വേലംപറമ്പിലും കൂടി ചേർത്തപ്പോൾ അച്യുതന്‍റെ ഇനീഷ്യലടക്കമുള്ള പേര് വി.എസ് അച്ചുതനായി.


അച്യുതന്‍റെ രണ്ടാം ജന്മദിനം ആഘോഷിക്കുന്ന ദിവസം പത്രത്തിൽ വന്ന ഒരു വാര്‍ത്തയാണ് വീട്ടുകാരെ ഞെട്ടിച്ചത്. വിഎസ് അച്യുതാനന്ദന്‍റെ പേരും കുഞ്ഞിന്‍റെ പേരും തമ്മിലുള്ള സാമ്യത്തിൽ യാദൃശ്ചിക ബന്ധമാത്രമായിരുന്നില്ലെന്ന് അപ്പോഴാണ് മനസിലായത്. വിഎസ് അച്യുതാനന്ദന്‍റെ നൂറാം പിറന്നാള്‍ വാര്‍ത്തയായിരുന്നു പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നത്. ഒക്ടോബര്‍ 20നാണ് വിഎസിന്‍റെ ജനനം. 98 വര്‍ഷങ്ങള്‍ക്കിപ്പുറം ഒക്ടോബര്‍ 20നാണ് കുഞ്ഞു വിഎസും ജനിച്ചത്.


വിഎസ് എന്ന തനിക്ക് ഏറ്റവും പ്രിയപ്പെട്ട വിപ്ലവ നായകന്‍റെ വേര്‍പാടിന്‍റെ വാര്‍ത്ത ചാനലിലൂടെ കാണുമ്പോള്‍ തന്‍റെ പേരക്കുട്ടിയും വിഎസും തമ്മിലുള്ള യാദൃശ്ചികമായ ബന്ധം കൂടി സംവിധായകനും ആര്‍ട്ടിസ്റ്റുമായ അമ്പിളി ഓര്‍ത്തെടുത്തു. പേരിലെ സാമ്യത്തിനൊപ്പം ജനനതീയതിയും ഒരുപോലെയായത് ഒരു നിയോഗം മാത്രമായിരിക്കാമെന്നാണ് അമ്പിളി പറയുന്നത്. ധീരനായ നേതാവായ വിഎസിന്‍റെ പേരുമായി സാമ്യമുണ്ടായതിൽ അത്ഭുതവും അഭിമാനവുമാണെന്നും അമ്പിളി പറഞ്ഞു.


തിങ്കളാഴ്ച വരാപ്പുഴയിലുള്ള മകളുടെ വീട്ടിലേക്ക് അവിചാരിതമായിട്ടാണ് പോയതെന്നും പേരക്കുട്ടിയെ താലോചിച്ചുകൊണ്ടിരിക്കെയാണ് വിഎസിന്‍റെ വിയോഗ വാര്‍ത്ത വരുന്നതെന്നും അമ്പിളി പറഞ്ഞു. വിഎസ് അച്യുതിന്‍റെന്യും അമ്പിളി വരച്ച വിഎസിന്‍റെയും ചിത്രങ്ങളും ഉള്‍പ്പെടുത്തി നവമാധ്യമത്തിൽ അമ്പിളി തന്നെ ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു. കുട്ടി വിഎസ് അച്യുത് ഇപ്പോള്‍ വാരാപ്പുഴ ഇസബെല്ല ഡി റോസിസ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA