
മൂന്നാർ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനില്‍ അവശ നിലയില്‍ കണ്ടെത്തിയ കാട്ടാനകുട്ടി ചരിഞ്ഞു. മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിലാണ് പുല്‍മേട്ടില്‍ കാട്ടാന കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ജനിച്ച കാട്ടാന കുഞ്ഞായിരുന്നു ഇതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് കുട്ടി ആന ജനിച്ചിട്ട് ഏതാനും ദിവസങ്ങളായെന്നും അവശനിലയിലാണെന്നും കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാവിലെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ആനകുട്ടിയെ നിരീക്ഷിക്കാന്‍ ആര്‍.ആര്‍.റ്റി സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആനക്കുട്ടി നടക്കാതെ വന്നതോടെ പിടിയാനയും മറ്റൊരു മോഴയാനയുമടക്കം ഇവിടെ തമ്പടിച്ചിരുന്നു. ആനകള്‍ ഇവിടെ നിന്നും മാറിയ സമയത്ത് വനംവകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ആനകുട്ടി അവശനിലയിലാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് വെറ്ററിനറി ഡോക്ടറെ എത്തിച്ച് കാട്ടാന കുട്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും വനം വകുപ്പ് നടപടി സ്വീകരിച്ചുവെങ്കിലും കുട്ടിയാന ചെരിയുകയായിരുന്നു. കുട്ടിയാനയുടെ പോസ്റ്റുമോര്‍ട്ട നടപടികള്‍ ഞായറാഴ്ച നടത്തും. ഇതിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകുവെന്ന് വനംവകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.