
ജഡ്ജ് ചമഞ്ഞ് വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതികൾ അറസ്റ്റിൽ. കണ്ണൂർ ചിറയ്ക്കൽ കവിതാലയത്തിൽ കെ. എം ജിഗേഷ് (40), മാന്നാർ ഇരുമന്തൂർ, അച്ചത്തറ വടക്കതിൽ വീട്ടിൽ സുമേഷ് (36) എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. വായ്പാ കുടിശിക എഴുതി തള്ളാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പറ്റിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്.
വെഞ്ഞാറമൂട് സ്വദേശിയായ വീട്ടമ്മയെയാണ് പ്രതികൾ പറ്റിച്ചത്. മൂന്ന് വർഷം മുമ്പ് പരാതിക്കാരി കേരളാ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ വായ്‌പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി, ബാങ്ക് ജപ്‌തി നടപടികളിലേക്ക് കടന്നു. ഇക്കാര്യം വീട്ടമ്മ ഒമാനിലുള്ള ഭർത്താവിനെ അറിയിച്ചു. അദ്ദേഹം സഹപ്രവർത്തകനായിരുന്ന മൂവാറ്റുപുഴ സ്വദേശിയോട് കാര്യം പറഞ്ഞു. തൻ്റെ പരിചയത്തിൽ കേരളാ ബാങ്കിൻ്റെ കാര്യങ്ങൾ നോക്കുന്ന ജഡ്‌ജിയുണ്ടന്നും ഏർപ്പാടാക്കാമെന്നും ഇയാൾ പറഞ്ഞു. ഈ വിവരം വീട്ടമ്മയെ ഭർത്താവ് അറിയിച്ചു. പിന്നാലെയാണ് പ്രതികൾ ഇവരെ ബന്ധപ്പെടുന്നത്.
ജപ്തി നടപടി മറികടക്കാൻ 2022ൽ ഒന്നരലക്ഷം രൂപയും ഇതേ വർഷം തന്നെ പിന്നീട് മൂന്ന് തവണകളിലായി നാലര ലക്ഷം രൂപയും പ്രതികൾ വാങ്ങിയെടുത്തു. പക്ഷെ ജപ്തി നടപടിയുമായി കേരള ബാങ്ക് മുന്നോട്ട് പോയതോടെയാണ് സംശയം തോന്നി വീട്ടമ്മ പ്രതികളെ ബന്ധപ്പെട്ടത്. പ്രതികളെ ഫോണിൽ കിട്ടാതെ വന്നതോടെയാണ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന കാർ, 91000 രൂപ, ലാപ്ടോപ്, പ്രിന്റർ, ഏഴ് മൊബൈൽ ഫോണുകൾ, കേന്ദ്രസർക്കാർ സർവീസിലേക്കുൾപ്പെടെയുള്ള വ്യാജ നിയമന ഉത്തരവുകൾ എന്നിവയും വെഞ്ഞാറമൂട് പൊലീസ് പിടിച്ചെടുത്തു. ആലപ്പുഴ മണ്ണഞ്ചേരിയിൽ നിന്നാണ് ഇവർ പിടിയിലായത്.
ചോദ്യം ചെയ്യലിൽ വ്യാജ ജഡ്‌ജിയായ ജിഗേഷ് പത്താംക്ലാസ് തോറ്റയാളാണെന്ന് കണ്ടെത്തി. ഇവരിൽ നിന്നും പിടിച്ചെടുത്ത 91,000 രൂപ ദേവസ്വം ബോർഡിൽ വ്യാജ നിയമന ഉത്തരവ് നൽകി ഒരാളിൽ നിന്നും തട്ടിയെടുത്തതാണ്. നിർവധി തട്ടിപ്പു കേസിൽ പ്രതികളായ ഇവർ വിലകൂടിയ കാറുകളിൽ ദേശീയ പതാക പതിപ്പിച്ചും ജഡ്ജിയുടെ ബോർഡ്, വേഷം എന്നിവ ധരിച്ചുള്ള ഫോട്ടോകൾ അയച്ചുമാണ് ഇരകളെ വിശ്വസിപ്പിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.