റഷ്യയുടെ കിഴക്കൻ മേഖലയിൽ ഏകദേശം 50 പേരുമായി ടേക്ക് ഓഫ് ചെയ്ത യാത്രാവിമാനവുമായുള്ള ബന്ധം എയർ ട്രാഫിക് കൺട്രോളർമാർക്ക് നഷ്ടമായി. എഎൻ - 24 യാത്രാവിമാനവുമായുള്ള ബന്ധം നഷ്ടമായതായി പ്രാദേശിക ഗവർണർ അറിയിച്ചു. വിമാനത്തിനായി ഊർജിതമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എന്ന എയർലൈൻസിന്‍റേതാണ് വിമാനം.
ചൈന അതിർത്തിയോട് ചേർന്നുള്ള അമുർ മേഖലയിലെ ടൈൻഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോളാണ് റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമായതെന്ന് പ്രാദേശിക എമർജൻസി മന്ത്രാലയം വ്യക്തമാക്കി. അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നതായി റീജിയണൽ ഗവർണർ വാസിലി ഓർലോവ് ടെലിഗ്രാമിലൂടെ അറിയിച്ചു.
വിമാനം കണ്ടെത്താൻ ആവശ്യമായ എല്ലാ സേനകളെയും ഉപകരണങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എമർജൻസി മന്ത്രാലയം നൽകുന്ന കണക്കനുസരിച്ച് ഏകദേശം 40 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.