
കട്ടപ്പന പുതിയ ബസ്സ്റ്റാൻഡിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ഇരുമ്പ് ജനൽ മോഷ്‌ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ പിടിയിൽ. കട്ടപ്പന മുളകരമേട് സ്വദേശി ചെറുവള്ളിൽ വീട്ടിൽ റിനു റെജി (29) കുന്തളംപാറ സ്വദേശി ആലപ്പാട്ട് വീട്ടിൽ സുനിൽ തങ്കപ്പൻ (32) തങ്കമണി നീലിവയൽ സ്വദേശി പുത്തൻപുരയ്ക്കൽ വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന ബിബിൻ (37) ആക്രിക്കട ഉടമയായ വെള്ളയാംകുടി സ്വദേശി ഇലവുംപാറയിൽ ജോസഫ് സ്‌കറിയ (54) എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്‌തത്.
പുതിയ ബസ്റ്റാൻഡിന് സമീപത്തെ ആൽവിൻ തോമസിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് മോഷണം നടന്നത്. തുടർന്ന് പ്രതികൾ കൊച്ചുതോവാള റോഡിലെ ആക്രിക്കടയിൽ മോഷണ വസ്‌തുക്കൾ വിറ്റു. പ്രതികൾ മോഷണ വസ്തുക്കളുമായി പോകുന്നത് ആക്രിക്കടയിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ആക്രിക്കടയുടമ ജോസഫ് സ്‌കറിയ മോഷണ മുതൽ സ്ഥിരമായി വാങ്ങിയിരുന്നു. പ്രതികൾ മുൻപും വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.