
അപകടകരമായ രീതിയിൽ സർവീസ് നടത്തുന്നവരെ കണ്ടെത്തി ഒഴിവാക്കുന്നതിനാണ് ഇടുക്കിയിലെ ജീപ് സവാരി നിരോധനമെന്ന് ജില്ലാ കലക്ടർ വി വിഘ്നേശ്വരി. പ്രശ്നങ്ങൾ പരിഹരിച്ച് 15 ദിവസത്തിനുള്ളിൽ ജീപ്പ് സവാരികൾ പുനരാരംഭിക്കും. അതേസമയം കലക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്.
ഇടുക്കി ജില്ലയിലെ ജീപ്പ് സവാരി നിരോധിച്ചുള്ള കളക്ടറുടെ ഉത്തരവിറങ്ങിയത് ജൂലൈ 5ന്. പിന്നാലെ വലിയ പ്രതിഷേധം. ഉത്തരവ് പുന പരിശോധിക്കണമെന്ന് ജീപ്പ് തൊഴിലാളികളുടെ ആവശ്യം. എന്നാൽ അനിശ്ചിതകാലത്തേക്കല്ലാ നിയന്ത്രണം എന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി. കഴിഞ്ഞദിവസം മൂന്നാർ പോതമേട് ഉണ്ടായ ജീപ്പ് അപകടത്തിൽ ഒരാൾ മരിച്ച സാഹചര്യത്തിലാണ് അടിയന്തര നടപടി. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ജീപ്പ് സവാരികളിലെ അപാകതകൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മതിയായ സഹകരണം ലഭിക്കാത്തതിനേ തുടർന്നാണ് അടിയന്തര ഉത്തരവിറക്കിയതെന്നും ജില്ലാ കലക്ടർ.
നിലവിലെ നിയന്ത്രണം കൊളുക്കുമലയിലെ ജീപ്പ് സവാരിക്ക് ബാധകമല്ല. ഇവിടെ സർവീസ് നടത്തുന്ന മാതൃകയിൽ മറ്റു സ്ഥലങ്ങളിലും സംവിധാനം ഒരുക്കും. അപകടകരമല്ലാത്ത റൂട്ടുകൾ കണ്ടെത്തി വ്യാഴാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പഞ്ചായത്തുകളോട് നിർദ്ദേശം നൽകി. അതേസമയം മുന്നറിയിപ്പില്ലാതെ കളക്ടർ ഉത്തരവിറക്കിയതിൽ ജില്ലയിൽ വിവിധ യൂണിയനുകളുടെ പ്രതിഷേധം ശക്തമാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.