HONESTY NEWS ADS

പത്തനംതിട്ട കോന്നി പാറമട അപകടം: രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

പാറമട അപകടത്തില്‍ രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കോന്നി പയ്യാനമണ്‍ ചെങ്കളത്തുണ്ടായ പാറമട അപകടത്തില്‍ രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ക്വാറിയില്‍ വീണ്ടും പാറ ഇടിയുന്ന സാഹചര്യമുണ്ടെന്ന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ പറഞ്ഞു. ആലപ്പുഴയില്‍ നിന്ന് ഉയർന്ന ശേഷിയുള്ള ക്രെയിന്‍ കൊണ്ടുവരും. അതിനു ശേഷമായിരിക്കും രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കുക. ക്രെയിന്‍ രണ്ടുമണിക്കൂറിനുളളില്‍ എത്തിക്കുമെന്നാണ് വിവരം. 'പാറ ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മേലുദ്യോഗസ്ഥര്‍ നിര്‍ദേശം തന്നത് അനുസരിച്ചാണ് മുകളിലേക്ക് കയറിയത്. രണ്ട് പോയിന്റുകള്‍ കണ്ടുവെച്ചിട്ടുണ്ട്. ക്രെയിന്‍ വന്നാലുടന്‍ ഹുക്ക് ചെയ്ത് എക്‌സ്‌കവേറ്റര്‍ ഉയര്‍ത്തും. ജീവന്‍ പണയംവെച്ചുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്'- ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. ജാര്‍ഖണ്ഡ് സ്വദേശി അജയ് റായ് എക്സ്കവേറ്ററിനുളളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ അനുമതി. ചെങ്കളത്ത് ഖനനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടുപേരാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നുമണിയോടെ ഉണ്ടായ അപകടത്തില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയത്.


അതില്‍ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഒഡീഷ സ്വദേശിയായ മഹാദേവ് പ്രതാപ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. എക്സ്കവേറ്റർ ഉപയോഗിച്ച് പൊട്ടിച്ചിട്ട പാറ നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അറുപത് അടി ഉയരത്തുനിന്നും പാറകള്‍ കൂട്ടതോടെ താഴേക്ക് വീഴുകയായിരുന്നു. എക്സ്കവേറ്ററിനു മുകളിലേക്കാണ് പാറകള്‍ വീണത്. എക്സ്കവേറ്റർ ഓടിക്കുന്നയാളും സഹായിയുമാണ് അപകടത്തില്‍പ്പെട്ടത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS