
വാഴത്തോപ്പ് ഗിരിജ്യോതി സി.എം.ഐ പബ്ലിക് സ്കൂളിന് സമീപം സ്ഥാപിച്ചിട്ടുള്ള കെ.എസ്.ഇ.ബി.യുടെ ട്രാൻസ്ഫോർമറിൽ കാട്ടുവള്ളികൾ കയറിക്കിടക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. ട്രാൻസ്ഫോർമറിലും ഹൈവോൾട്ടേജ് കേബിളുകളിലും കയറിപ്പറ്റിയ കാട്ടുവള്ളികളും, കാടും ഇപ്പോൾ വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്.
ട്രാൻസ്ഫോർമറിന് ചുറ്റും സ്ഥാപിച്ചിരുന്ന കമ്പിവേലി പഴകിയതും തുരുമ്പെടുത്ത സ്ഥിതിയിലുമാണ്. വളവോട് കൂടിയ റോഡിൽ വാഹനങ്ങൾ എത്തുമ്പോൾ കാൽനടയാത്രക്കാരും കുട്ടികളും ട്രാൻസ്ഫോർമറിന്റെ സമീപത്തേക്ക് നീങ്ങും. ഇത്തരത്തിൽ നീങ്ങുമ്പോൾ കാട്ടുപടർപ്പുകൾ ഹൈടെൻഷൻ വയർ തട്ടി നിൽക്കുന്നതിനാൽ ഷോക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. ഒരുകാലത്ത് സുരക്ഷ ഒരുക്കിയിരുന്ന വേലി ഇപ്പോൾ സുരക്ഷ നൽകുന്നതിന് പകരം അപകടം ക്ഷണിക്കുന്ന നിലയിലേയ്ക്ക് എത്തി.
പൈനാവ് സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള പല ട്രാൻസ്ഫോർമറകളുടെയും അവസ്ഥ ഇത്തരത്തിലാണ്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനും വൈദ്യുതി ലൈനിലേക്കുള്ള തടസ്സങ്ങൾ നീക്കുന്നതിനും ശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന് പറയുന്നതല്ലാതെ നടപടികൾ പൂർണമായും എങ്ങും എത്തുന്നില്ല. വാഴത്തോപ്പ് വഞ്ചിക്കവലയിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി ഓഫീസിന്റെ 200 മീറ്റർ ചുറ്റളവിലുള്ള ട്രാൻസ്ഫോർമറുകൾ പോലും പരിപാലിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ വഴി അപകട മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും അതിൻറെ നിലയും എളുപ്പത്തിൽ കാണാൻ ആവാത്ത വിധത്തിലാണ്. ജില്ലാഭരണകൂടം അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് കെ എസ് ഇ ബി ജീവനക്കാരോട് ട്രാൻസ്ഫോമറുടെ ചുറ്റുവൃത്തിയാക്കി കാട് നീക്കി സുരക്ഷ ഉറപ്പാക്കാൻ നിർദേശിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിലേക്കാകും എത്തുക.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.