
ഇടുക്കി വാഗമൺ റോഡിൽ കൊക്കയിൽ വീണ് ഒരാൾ മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. വിനോദസഞ്ചാരത്തിന് എത്തിയപ്പോഴായിരുന്നു അപകടം. എറണാകുളത്തുനിന്നും വിനോദസഞ്ചാരത്തിനായാണ് തോബിയാസും സംഘവും എത്തിയത്. അതിനു ശേഷം തിരികെ മടങ്ങുമ്പോഴാണ് ഇടുക്കി വാഗമൺ റോഡിൽ ചാത്തൻപാറയിൽ ഇവർ വാഹനം നിർത്തി ഇറങ്ങിയത്.
ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽവഴുതി തോബിയാസ് ഇരുന്നൂറ് അടിയിലേറെ താഴ്ച്‌ചയിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് മൂലമറ്റം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുന്നത്. കോടയും മഴയും നിറഞ്ഞ സാഹചര്യത്തിൽ അഗ്നിരക്ഷാസേനയ്ക്കും സംഭവസ്ഥലത്തേക്ക് എത്തിപ്പെടുന്നതിന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാസേനയെത്തിയെങ്കിലും തോബിയാസിനെ പുറത്തെടുക്കാൻ സാധിച്ചില്ല. പിന്നാലെ തൊടുപുഴ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
തൊടുപുഴ മൂലമറ്റം അഗ്നിരക്ഷാസേനകളുടെ സംയുക്‌തമായ ശ്രമത്തെ തുടർന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയാണ് തോബിയാസിൻ്റെ മൃതദേഹം പുറത്തെടുത്തത്. കോടയും മഴയും നിറഞ്ഞ സാഹചര്യത്തിൽ നാല് അഗ്നിരക്ഷാ ഉദ്യോഗസ്ഥഥർ ഇരുന്നൂറ് അടി താഴ്ചയിലേക്ക് ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്. നിലവിൽ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.