HONESTY NEWS ADS

മുന്നണി മര്യാദ പാലിക്കണം; ജോസ് കെ മാണിയുടെ വിമ‍ർശനത്തിനെതിരെ ശശീന്ദ്രൻ

കേരള കോൺഗ്രസ് എമ്മിനും ചെയർമാൻ ജോസ് കെ മാണിക്കുമെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ

കേരള കോൺഗ്രസ് എമ്മിനും ചെയർമാൻ ജോസ് കെ മാണിക്കുമെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. വനം വകുപ്പിനും വനം മന്ത്രിക്കുമെതിരെ വിമർശനം ഉന്നയിക്കുമ്പോൾ മുന്നണി മര്യാദ പാലിക്കണമെന്നാണ് ശശീന്ദ്രൻ ആവശ്യപ്പെടുന്നത്. പാർട്ടി യോഗത്തിൽ ജോസ് കെ മാണി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിച്ചെന്ന വാർത്തയാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. സാമുദായി സംഘടനകളുടെ ചട്ടുകമായി കേരള കോൺഗ്രസ് മാണി വിഭാഗം മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.


മന്ത്രിക്കും വകുപ്പിനുമെതിരെ വിമർശനമുണ്ടെങ്കിൽ അത് മുന്നണി യോഗത്തിലാണ് ഉന്നയിക്കേണ്ടിയിരുന്നതെന്നും പരസ്യമായി വിമർശനം നടത്തിയത് ശരിയല്ലെന്നുമാണ് ശശീന്ദ്രൻ വ്യക്തമാക്കുന്നത്. ഇടതുമുന്നണി വിട്ട് യു ഡി എഫിലേക്ക് മടങ്ങാനുള്ള നീക്കം കേരള കോൺഗ്രസ് എം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് എൻ സി പി നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നും ശക്തമായ വിമർശനം ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.


അതേസമയം ക്രൈസ്തവ സഭകളുടെ പിന്തുണയിൽ കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്കെത്തിക്കാൻ യു ഡി എഫ് നീക്കം തുടരുകയാണെന്നാണ് വ്യക്തമാകുന്നത്. മനുഷ്യ - മൃഗ സംഘര്‍ഷത്തിൽ കേരള കോൺഗ്രസിനുള്ള ആശങ്ക മുതലെടുത്താണ് യു ഡി എഫിന്റെ ശ്രമങ്ങൾ. അടിയന്തര നിയമസഭ സമ്മേളനം വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി, മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സാഹചര്യമടക്കം സാധ്യതയായി യു ഡി എഫ് കാണുന്നുണ്ട്. അതേസമയം സമ്മർദ്ദം ശക്തമാക്കുന്ന കേരളാ കോൺഗ്രസ് നീക്കത്തിൽ കരുതി പ്രതികരിച്ചാൽ മതിയെന്ന ധാരണയിലാണ് സി പി എം.


മനുഷ്യ - മൃഗ സംഘര്‍ഷം അടക്കം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പയറ്റിയ നിലമ്പൂര്‍ പ്രചാരണവും അതിന്‍റെ വരും വരായ്കകളും കേരളാ കോൾഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഇത് തന്നെയാണ് നിലവിൽ യു ഡി എഫ് ക്യാമ്പിന്റെ പിടിവള്ളിയും. മനുഷ്യ - മൃഗ സംഘര്‍ഷം രൂക്ഷമായ മലയോരമേഖലയിലാണ് കേരളാ കോൺഗ്രസിന്‍റെ വോട്ട് ബെയ്സ്. വനമേഖലയുമായി നേരിട്ട് സമ്പര്‍ക്കമുള്ള 256 പഞ്ചായത്തിൽ അടക്കം അതിരൂക്ഷമായ സ്ഥിതി നിലനിൽക്കെ അതിനെ അവഗണിച്ച് മുന്നോട്ട് പോകാൻ കേരളാ കോൺഗ്രസിന് കഴിയില്ല. പ്രതിഷേധങ്ങളത്രയും വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലാണെന്നതിനാൽ മറുത്തൊന്നും പറയാനാകാത്ത കേരള കോൺഗ്രസിന്‍റെ രാഷ്ട്രീയ പരിമിതി പരമാവധി മുതലെടുക്കാനാണ് യു ഡി എഫ് നീക്കം. പാലാ, കോതമംഗലം രൂപതകൾ ഇക്കാര്യത്തിലെ താൽപര്യം ഇതിനകം തന്നെ കേരളാ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മുന്നണി മാറ്റം അജണ്ടയിലേ ഇല്ലെന്ന് ജോസ് കെ മാണി ആവര്‍ത്തിക്കുമ്പോഴും കാര്യങ്ങൾ അങ്ങനെ അല്ലെന്ന ധാരണ സി പി എമ്മിനും എൽ ഡ‍ി എഫിനും ഉണ്ട്. മലയോര മേഖലയിലെ പ്രശ്നം ചര്‍ച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കുന്നതിൽ തുടങ്ങി പ്രത്യേക നിയമ നിര്‍മ്മാണത്തിൽ വരെ കേരളാ കോൺഗ്രസ് സമ്മര്‍ദ്ദം ശക്തമാക്കുമ്പോൾ കരുതി പ്രതികരിക്കാനാണ് സി പി എം ധാരണ.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS