
ഇടുക്കിയിലെ ഓഫ് റോഡ് ജീപ്പ് സഫാരിക്ക് ജില്ലാ ഭരണകൂടം മാനദണ്ഡങ്ങളേർപ്പെടുത്തി. ഡിടിപിസിയുടെ മേൽനോട്ടത്തിൽ കേന്ദ്രീകൃത ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തും. നിരക്കും ഓരോ ജീപ്പിൽ യാത്ര ചെയ്യേണ്ട സഞ്ചാരികളുടെ എണ്ണവും നിജപ്പെടുത്തും. ഡ്രൈവറെ കൂടാതെ പരമാവധി ഏഴ് ആളുകളെ മാത്രമേ ഒരു ജീപ്പിൽ കയറ്റൂ. ജീപ്പുകൾക്ക് ജിപിഎസ് ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തണം. രാവിലെ നാല് മുതൽ വൈകീട്ട് ആറ് വരെ മാത്രമായിരിക്കും ഓഫ് റോഡ് സഫാരി. റൂട്ടിന്‍റെ ദൈർഘ്യം അനുസരിച്ച് ഒരു ജീപ്പിന് പരമാവധി ഒരു ദിവസം രണ്ട് ട്രിപ്പ് മാത്രമേ അനുവദിക്കൂ. അംഗീകൃത ഓഫ് റോഡ് പാതകളിൽ മാത്രമേ സഫാരി അനുവദിക്കൂ എന്നും ഇവിടങ്ങളിൽ സ്വകാര്യ വാഹനങ്ങളെ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. പിന്നാലെ ഐഎൻടിയുസി പ്രതിഷേധവുമായി രംഗത്തെത്തി.
ഒരാഴ്ച മുൻപ് വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചു. മൂന്നാറിൽ 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഒരു കുട്ടി ഉൾപ്പെടെ എട്ട് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള നടപടി. അപകടങ്ങളുടെ പശ്ചാത്തലത്തിൽ ജീപ്പ് സഫാരി നിരോധിച്ച് കളക്ടർ വി വിഗ്നേശ്വരി ആദ്യം ഉത്തരവിറക്കി. പിന്നാലെയാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചത്.
അതേസമയം ഇടുക്കിയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ തയ്യാറാക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ഇതിൻറെ ഭാഗമായി വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ യോഗം വിളിച്ച് ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിർദേശങ്ങൾ സ്വീകരിച്ചു. ഇടുക്കിയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കൂടുതൽ ആളുകളെ ആകർഷിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ ശ്രമം.
പ്രധാന ടൂറിസം കേന്ദ്രങ്ങളായ തേക്കടി, മൂന്നാർ, വാഗമൺ, ഇടുക്കി എന്നിവിടങ്ങൾക്കൊപ്പം ചെറിയ പുതിയ കേന്ദ്രങ്ങളും വികസിപ്പിക്കും. ഓണക്കാലം മുതൽ ഇടുക്കി ഡാം സന്ദര്‍ശിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്നും ജില്ലക്കായി പ്രത്യേക വെബ്‌സൈറ്റ് തയ്യാറാക്കുമെന്നും കളക്ടര്‍ യോഗത്തിൽ അറിയിച്ചു. കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകളും മറ്റ് നിയന്ത്രണങ്ങളും അറിയിക്കുന്നതില്‍ കൃത്യമായി നിർദ്ദേശങ്ങൾ ഇറക്കും. ഇടുക്കിയുടെ ചരിത്ര പ്രധാന്യം ലക്ഷ്യം വെച്ച് ഹിസ്റ്റോറിക്കല്‍ ടൂറിസത്തിന് തുടക്കം കുറിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.