
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് കണ്ണീരോടെ വിട നൽകാൻ ഒരുങ്ങി ജൻമനാട്. വിദേശത്തുള്ള അമ്മ സുജ നാട്ടിൽ എത്തുംവരെ മൃതദ്ദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുർക്കിയിലുള്ള അമ്മ നാളെ രാവിലെ നാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ എത്തുന്ന മുറയ്ക്ക് സംസ്കാര ചടങ്ങുകൾ തീരുമാനിക്കും. വിദ്യാർത്ഥിയുടെ മരണത്തിൽ സ്കൂൾ അധികൃതരുടെയും കെഎസ്ഇബിയുടെയും അടക്കം വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ ഇന്നും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്.
കെഎസ്‍യു, എബിവിപി, ഫ്രറ്റേണിറ്റി എന്നീ സംഘടനകൾ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മിഥുൻ്റെ മരണത്തിൻ്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ തേവലക്കര സ്കൂളിന് ഇന്ന് അവധിയാണ്. ബാലവകാശ കമ്മീഷൻ സ്കൂളിൽ എത്തി പരിശോധന നടത്തും. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും തുടരുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.