
ഇടുക്കി ശാന്തന്‍പാറയില്‍ സിഎച്ച്ആര്‍ ഭൂമിയില്‍ വന്‍മരം കൊള്ള. ഏലം പുനര്‍കൃഷിയുടെ മറവില്‍ 150ലധികം മരങ്ങള്‍ മുറിച്ചു കടത്തി. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏലം കുത്തകപ്പാട്ട ഭൂമിയില്‍നിന്ന് മരങ്ങള്‍ മുറിക്കാന്‍ അനുമതിയില്ലാതിരുന്നിട്ടും പേത്തൊട്ടിയിലെ സി എച്ച് ആര്‍ ഭൂമിയില്‍നിന്നും ചേല, പൂമരം, ചൗക്ക, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ ഇനത്തില്‍ പെട്ട മരങ്ങള്‍ മുറിച്ചു മാറ്റിയെന്നാണ് ആരോപണം. മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന സര്‍വേ നമ്പര്‍ 78/1ല്‍ ഉള്‍പ്പെടുന്ന ഒന്നര ഏക്കര്‍ ഭൂമിയില്‍ നിന്നുമാണ് മരം വെട്ടിയത്. തമിഴ്‌നാട് സ്വദേശികളായ എം ബൊമ്മയ്യന്‍, അയ്യപ്പന്‍ എന്നിവരെ പ്രതികളാക്കി വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.
ബോഡിമെട്ട് സെക്ഷനിലെ ഉദ്യോഹസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും മരകുറ്റികള്‍ എണ്ണി തിട്ടപ്പെടുത്തുകയും ചെയ്തു. ഉദ്യോഗസ്ഥ ഒത്താശയോടെ സി എച്ച് ആര്‍ ഭൂമിയില്‍ നിന്ന് ജില്ലയുടെ വിവിധ ഭാഗത്തുനിന്നും മരങ്ങള്‍ മുറിച്ചു കടത്തുന്നുണ്ടെന്നും ആരോപണം ഉണ്ട്. ഒന്നര വര്‍ഷം മുന്‍പ് ഉരുള്‍പൊട്ടല്‍ ഉണ്ടായതിന്റെ സമീപത്താണ് വന്‍ മരംകൊള്ളാന്‍ നടന്നിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആനയിറങ്കല്‍ ഭാഗത്തെ റവന്യു ഭൂമിയില്‍ നിന്നും സ്വകാര്യ വ്യക്തി മരങ്ങള്‍ മുറിച്ചു കടത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.