
വിവാദ ഉത്തരവിന്റെ മറവിൽ പട്ടയ ഭൂമിയിൽ നിന്ന് രാജകീയ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ ഇടുക്കിയിലെ നാല് റേഞ്ച് ഓഫീസർമാർക്കെതിരെ വിജിലൻസ് കേസെടുത്തു. അടിമാലി, നേര്യമംഗലം, മുള്ളരിങ്ങാട്, തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർക്ക് എതിരെയാണ് അഴിമതി നിരോധന നിയമ പ്രകാരം വിജിലൻസ് കേസെടുത്തത്. നാല് റേഞ്ചുകളിൽ നിന്നായി 30 ലക്ഷം രൂപയുടെ മരങ്ങൾ മുറിച്ചെന്നാണ് കണ്ടെത്തൽ.
ചന്ദനമൊഴികെയുള്ള രാജകീയ മരങ്ങൾ പട്ടയ ഭൂമിയിൽ നിന്ന് മുറിക്കാമെന്ന് 2020 മാർച്ചിലായിരുന്നു ഉത്തരവിറങ്ങിയത്. എന്നാൽ ഇത് വിവാദമായതോടെ, 2021 ഫെബ്രുവരിയിൽ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഉത്തരവ് റദ്ദാക്കിയ ശേഷവും അടിമാലി റേഞ്ചിൽ മരംമുറി നടന്നെന്നും വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. അടിമാലി റേഞ്ചിൽ മാത്രം 128 തേക്കും 10 ഈട്ടിയും മുറിച്ചെന്നാണ് നിഗമനം. ആകെ 30 ലക്ഷം രൂപയുടെ മരം മുറി നടന്നെന്നും വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.