
ബെംഗളുരുവിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് 13കാരനെ തട്ടിക്കൊണ്ട് പോയി കഴുത്തറുത്ത് കൊന്ന് മൃതദേഹം കത്തിച്ചു. ബെംഗളൂരു ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസുകരനായ നിശ്ചിത് ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ വീട്ടിലെ ഡ്രൈവറും കൂട്ടാളിയുമാണ് ക്രൂരകൃത്യം നടത്തിയത്. അക്രമികളെ പിന്തുടർന്നെത്തിയ പൊലീസിന് നേരെ ഇവർ കത്തി വീശി ആക്രമിക്കാൻ ശ്രമിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരു നഗരത്തിലെ അരകെരെയിലെ വൈശ്യ കോളനിയിലാണ് നടുക്കുന്ന സംഭവം.
ബുധനാഴ്ച വൈകിട്ട് സ്കൂൾ വിട്ട് ട്യൂഷന് പോയ നിശ്ചിനെ കാണാതാവുകയായിരുന്നു. ട്യൂഷൻ ക്ലാസിലേക്ക് ഫോൺ ചെയ്തപ്പോൾ കുട്ടി സമയത്ത് തന്നെ വീട്ടിലേക്ക് പോയെന്നാണ് അറിഞ്ഞത്. തുടർന്ന് കുടുംബം നടത്തിയ അന്വേഷണത്തിൽ നിശ്ചിതിന്‍റെ സൈക്കികൾ സമീപത്തെ പാർക്കിൽ നിന്നും കണ്ടെത്തി. ഇതിനിടെ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരാൾ ഫോൺ ചെയ്തു. സ്വകാര്യ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് നിശ്ചിതിന്‍റെ പിതാവ് അചിത്. ഇതോടെ അച്ഛൻ പൊലീസിൽ പരാതി നൽകി.
ഇതറിഞ്ഞ കിഡ്നാപ്പിംഗ് സംഘം അന്ന് രാത്രി തന്നെ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് ബെന്നർഘട്ടയ്ക്ക് അരികെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് വീട്ടിൽ ഇടക്ക് വണ്ടിയോടിക്കാൻ വരാറുള്ള ഗുരുമൂർത്തിയും(27 കൂട്ടാളി ഗോപീകൃഷ്ണയും(25), ചേർന്നാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഇവരുടെ ഒളിയിടം കണ്ടെത്തി. എന്നാൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കാലിൽ വെടിവെച്ചാണ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.